Sunday, October 29, 2006

ഒരു മൃഗീയ കൊലപാതകം!!

നേരം സന്ധ്യയാവാറായി, ഒരു പണിയുമില്ലാതെ അനന്തതയില്‍ കണ്ണും നട്ട്‌ ചുമ്മാ ചുമരും ചാരി ഞാനിരുന്നു.

ഒരു മൂളിപ്പാട്ടും പാടി നമ്മുടെ കഥാനായകന്‍ വരുന്നുണ്ട്‌. ഒന്നു രണ്ട്‌ വട്ടം എന്നെ ചുറ്റി പറന്നവന്‍ എന്റെ കൈത്തണ്ടയില്‍ വന്നിരുന്നു. അവനെയങ്ങു തട്ടിയാലോ, ഞാന്‍ മനസിലോര്‍ത്തു. ഒരു പാവപ്പെട്ട കൊതുകിനെ കൊല്ലുന്നതു പാവമല്ലെ, എന്നിലെ കുറ്റബോധം സടകുടഞ്ഞെഴുന്നേറ്റു. ഇല്ല ഇവനും ഇവന്റെ സ്വന്തക്കാരും ബന്ധുക്കളും കൂടി എത്രയെണ്ണത്തിനാണ്‌ പണി കൊടുക്കുന്നത്‌. എന്നിലെ പൗരബോധം രോഷാഗ്നിയായി ജ്വലിച്ചു. ഇവന്‍ തീര്‍ചയായും ശിക്ഷയര്‍ഹിക്കുന്നു.

ഒറ്റയടിക്കു കൊന്നല്‍ അവന്‍ പെട്ടന്നു ചാവും, അതുകൊണ്ട്‌ അതു വേണ്ട.ഒരു കൊതുകിനെ കൊല്ലാന്‍ ഇത്ര ടെന്‍ഷനടിക്കേട്ടതുണ്ടൊ?

ഞാനെന്റെ വലതു കൈ വളരെ പതുക്കെ അവന്റെ പിന്നിലേക്കു ചലിപ്പിച്ചു, അപ്പോളേക്കും ആ വൃത്തികെട്ടവന്റെ കൊമ്പുകള്‍ എന്റെ ഇടതു കൈത്തണ്ടയി ആഴ്‌ന്നിറങ്ങിയിരുന്നു. ഊരാന്‍ പെട്ട പാടെന്നു പറഞ്ഞപോലെ കൊമ്പൂരിയെടുക്കുന്നതിനു മുമ്പവന്റെ ചിറകുകളില്‍ ഞാന്‍ പിടുത്തമിട്ടു. ക്രൂരതയുടെ പര്യായമാറിയ ഞാനവനെ ചന്നം ഭിന്നമാക്കി. ഒന്നാം വര്‍ഷ ബോട്ടണി വിദ്യാര്‍ഥിയുടെ കയ്യില്‍ കിട്ടിയ തവളയെക്കാള്‍ പരിതാപകരമെന്നു വിശെഷിപ്പിക്കാവുന്ന ഒരവസ്ഥയിലേക്കു ഞാനവനെ എത്തിച്ചു.

ഹിരണ്യകശിബുവിനെ ക്രൂരമായി വകവരുത്തിയിട്ടും അരിശം തീരാഞ്ഞ നരസിംഹമൂര്‍ത്തിയെപ്പോലെ അടുത്ത ഇരക്കു വേണ്ടി ഞാന്‍ കാത്തിരുന്നു.


Sunday, October 22, 2006

കലികാലവൈഭവം, കാലനും കഷ്ടകാലം...

"ഞാനെങ്ങനെ വിശ്വസിക്കും നിങ്ങള്‍ തന്നെയാണ്‌ കാലനെന്ന്‌", എന്റെ ചോദ്യത്തിനുമുന്നില്‍ കാലനു ഉത്തരം മുട്ടി.

കാലനായാല്‍ മിനിമം ഒരു പോത്തിന്റെ പുറത്തായിരിക്കണം വരേണ്ടത്‌, പിന്നെ കയ്യില്‍ കുടുക്കിട്ട ഒരു കയറും മസ്റ്റാണ്‌. അല്ലാതെ ഇങ്ങനെ സെയില്‍സ്‌ എക്സിക്യൂട്ടീവിന്റെ പോലെ കോട്ടും സ്യൂട്ടുമിട്ടു വന്നാലൊന്നും ശരിയാകില്ല.

അതു പോട്ടെ ഐഡെന്റിറ്റി തെളിയിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ടൊ കയ്യില്‍, ഒരു പാന്‍ കാര്‍ഡായലും മതി... പാസ്സ്‌പോര്‍ട്ടിന്റെ ഫ്രണ്ട്‌ പേജായാലും ഞാന്‍ അഡ്ജസ്റ്റ്‌ ചെയ്തോളാം.

ഇരുപത്തിമൂന്നെന്ന ഈ കുറഞ്ഞ പ്രായത്തില്‍ പരലോകത്തേക്കുള്ള വിസ അടിച്ചു കിട്ടിയതിന്റെ എല്ലാ വിഷമങ്ങളും പല പല ചോദ്യങ്ങളുടെ രൂപത്തില്‍ ഞാന്‍ കാലന്റെ മുന്നിലേക്കെടുത്തിട്ടു.



കാലന്‍ സ്പീക്കിംഗ്‌...

നിങ്ങള്‍ക്കു ചുമ്മാ പറഞ്ഞാല്‍ മതി പോത്തിന്റെ പുറത്ത്‌ വരണമെന്നൊക്കെ, മേനക ഗാന്ധിയെങ്ങാനുമറിഞ്ഞാല്‍ അതുമതി ഞാന്‍ തൂങ്ങാന്‍. പിന്നെ കയറ്‌, ഈ പരശുരാമന്റെ മണ്ണിലെ ഓരൊ കുഞ്ഞിനുമരിയാം കയര്‍ തൊഴിലാളികല്‍ സമരത്തിലാണെന്നു. ഇനിയിപ്പൊ വിദേശ കയര്‍ വാങ്ങാമെന്നു വെച്ചാല്‍ കേരളത്തില്‍ ഭരണം മാറി, ഞാന്‍ ബൂര്‍ഷ്വാസിയെന്നു മുദ്രകുത്തപ്പെടും.

പഴയ കാലമൊന്നുമല്ല തകര്‍ച്ചയെ നേരിടുന്ന യമലോകവും ഇപ്പൊള്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഭീഷണിയിലാണ്‌. എല്ലാ വര്‍ഷവും ടാര്‍ഗെറ്റ്‌ മീറ്റ്‌ ചെയ്യാന്‍ ഞങ്ങള്‍ പെടുന്ന പാടു ഞങ്ങള്‍ക്കെ അറിയൂ. ഇപ്പൊളാണെങ്കില്‍ വാര്‍ഷിക ക്ലോസിംഗിന്റെ സമയമാണ്‌, നിന്നെയൊക്കെ കൊണ്ടു ചെന്നിട്ടു വേണം കോട്ട തികയ്ക്കാന്‍.

ഇപ്പൊ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ കാലമാണ്‌, കള്ളത്തരം കാണിച്ച്‌ നാലു കാശുണ്ടാക്കമെന്നു വെച്ചാല്‍, പണിതെറിക്കും!!

എന്തൊക്കെപ്പറഞ്ഞാലും ശരി എനിക്കു നിങ്ങളെ കൂടതെ തിരിച്ചു ചെല്ലാന്‍ പറ്റില്ല... പെട്ടന്നു പോകാന്‍ റെഡിയായിക്കൊ. പിന്നെ ഞങ്ങളുടെ ആനുവല്‍ ഓഫര്‍ പ്രകാരം, അപകടം, ചിക്കന്‍ ഗുനിയ, ഡെങ്കി, ഹൃദയാഗതം തുടങ്ങിയവയില്‍ നിന്നു തിരഞ്ഞെടുക്കനുള്ള അവസരം കൂടി ഉപഭോക്താവിനു നല്‍കുന്നുണ്ട്‌.



അപ്പോളെക്കും ഞാന്‍ ഉണര്‍ന്നു, അല്ലെങ്കില്‍ ഒന്നു രണ്ടു ഡയലോഗ്‌ കൂടി അടിക്കാമായിരുന്നു...

Thursday, October 19, 2006

ഒരു ജാപ്പനീസ്‌ പ്രേതബാധ...

സഹമുറിയന്റെ കൂര്‍ക്കംവലി കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. എന്റെ ദൈവമേ ഒരുപാടു കൂര്‍ക്കം വലി ഞാന്‍ കേട്ടിട്ടുണ്ട്‌, പക്ഷെ ഇതുപോലൊരു ഡോള്‍ബി ഡിജിറ്റല്‍ സെറ്റപ്പ്‌ ഇതാദ്യമായിട്ടാണ്‌. വെളുപ്പാന്‍കാലത്ത്‌ അതും മൂന്ന് മൂന്നര മണി നേരത്ത്‌ ഉറക്കം വരാതെ ഞാന്‍ കിടന്നു, ജീവിതത്തിലാദ്യമായിട്ടണ്‌ ഈയൊരു സമയതിനു ഞാന്‍ ദൃക്‌സാക്ഷിയകുന്നത്‌.

ഞാനെങ്ങനെ ഈ വൃത്തികെട്ട ശബ്ദം ഇല്ലതാക്കും, ആശയങ്ങളുടെ അഭാവത്തില്‍ എന്നിലെ സര്‍ഗവേദന പാരമ്യത്തിലെത്തി. അവന്റെ ഒണക്ക മൂക്കിലൊരു ക്ലിപ്പിട്ടാലൊ... കരണക്കുറ്റിക്കൊരെണ്ണം പൊട്ടിച്ചാലോ... ഒരു ബക്കറ്റ്‌ വെള്ളം കോരി അവന്റെ തലയില്‍ കമിഴ്ത്തിയാലൊ... അല്ലെങ്കില്‍ വെണ്ട അവനേ വിളിച്ചുണര്‍ത്തി രണ്ടു പള്ളു വിളിച്ചാലൊ... ഇങ്ങനെ പല പല ചിന്തകല്‍ എന്റെ മനസിലൂടെ കടന്നു പോയി. അവസാനം എനിക്കുണ്ടായേക്കാവുന്ന മാനഹാനിയും ധനനഷ്ടവും (ആശുപത്രി ചിലവ്‌) എല്ലാമോര്‍ത്ത്‌ ഞാനതോക്കെ സഹിച്ച്‌ കണ്ണും പൂട്ടിക്കിടന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോളുണ്ടെടാ പുറത്തൊരു പദചലനം. ആരാണീ നേരത്ത്‌ പുറത്തിറങ്ങി നടക്കുന്നത്‌, എനിക്കു ടെന്‍ഷനായി. രണ്ടു റൗണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഒരു ഫെയ്ഡ്‌ എഫക്റ്റോടെ പദചലനം കേള്‍ക്കാതായി. ഇത്രയൊക്കെ ഉണ്ടായിട്ടും പൊതുവെ ധൈര്യശാലിയയ ഞാന്‍ ഇത്‌ വെറുമൊരു ചീളു കേസെന്ന കണ്‍സിഡറേഷന്‍ കൊടുത്ത്‌ പുറത്തിറങ്ങി നോക്കാന്‍ മിനക്കെട്ടില്ല, അല്ലതെ പേടിച്ചിട്ടൊന്നും ആയിരുന്നില്ല.

അന്നു കാലത്ത്‌ ബ്രേക്ക്‌ഫാസ്റ്റിനൊപ്പം ഞാനീ സംഭവം സഹമുറിയനോടു വിളംബി. ഇനിയിത്‌ വല്ല പ്രേതവും മറ്റോ അയിരിക്കുമോ, എടുത്തവഴിക്കവന്‍ പറഞ്ഞു. പ്രേതമാണങ്കില്‍ പാദസ്വരത്തിന്റെ കിലുക്കമുണ്ടാകില്ലെ... ബാക്‌ഗ്രൗണ്ടില്‌ ഹൊറര്‍ സോങ്ങ്‌ ഉണ്ടാവില്ലെ... തുടങ്ങിയ വാദമുഖങ്ങളുയര്‍ത്തി ഞാനതിന്റെ നഖശിഖാന്തം എതിര്‍ത്തു. എടാ മരപ്പൊട്ട വല്ല മാടനെങ്ങനുമാണെങ്കില്‍ പാദസ്വരത്തിന്റെ കിലുക്കമൊന്നും ഉണ്ടാകില്ല, അവനവന്റെ സൈഡ്‌ ഓക്കെയാക്കി. മാടനെയും ഒടിയനെയുമൊക്കെ പറ്റി പണ്ട്‌ അമ്മാമ്മ പറഞ്ഞു കേട്ടിട്ടുണ്ട്‌. വീടിന്റെ പൊക്കത്തുള്ള റബ്ബര്‍ തോട്ടത്തിലൂടെ കരിയിലകള്‍ ചവിട്ടി ഞെരിച്ച്‌ മാടന്‍ പോകുന്ന ശബ്ദം ഇടക്കൊക്കെ കേള്‍ക്കാറുണ്ടത്രെ. പിന്നീടൊരിക്കല്‍ പൈലിക്കുട്ടിയേട്ടനെ ചാരായം വാറ്റിയതിനു തോട്ടത്തിന്റെ മൂലക്കല്‍ നിന്നു പോലീസുപിടിച്ചു, അതിനുശേഷം മാടന്‍ പോകുന്ന ശബ്ദം കേട്ടിട്ടില്ലെന്നതു വെറെ കഥ. പണ്ടാറമടങ്ങാന്‍ ഈ പ്രേതോം തേങ്ങേം മാങ്ങേം ഒന്നും ഇല്ലാതിരുന്നെങ്കില്‍, ഭയമെന്ന വികാരം എന്നില്‍ കുടിലുകെട്ടിതുടങ്ങിയെന്ന നഗ്ന സത്യം ഞാന്‍ മനസിലാക്കി.

താഴത്തെ നിലയില്‍ വരിവരിയായുള്ള എല്ലാ അപ്പാര്‍ട്ട്‌മെന്റുകളിലും ഞങ്ങള്‍ ഫ്രണ്ട്സ്‌ ആയിരുന്നു താമസിച്ചിരുന്നതു. അന്നു വൈകുന്നെരത്തെ പൊളിപറച്ചിലിനിടയിലാണ്‌ എന്നെ കൂടതെ വെറെ ഒരുത്തനും ഈ പദചലനങ്ങല്‍ കുറച്ചു നാളായി കേള്‍ക്കറുണ്ടെന്നറിഞ്ഞത്‌. അടുത്ത മാസം അവന്റെ കല്യാണമാണ്‌, അപ്പൊ ഇതല്ല ഇതിലും വലിയ തോന്നളൊക്കെ ഉണ്ടാകുമെന്നരോ പറഞ്ഞതൊതുക്കി. ഇതിനൊരു തിരുമാനമുണ്ടാക്കിയിട്ടു തന്നെ കാര്യം ഞാന്‍ തിരുമാനിച്ചു.

പിറ്റേ ദിവസം മൂന്നേകാലിനു അലാറം വെച്ചാണ്‌ ഉറങ്ങാന്‍ കിടന്നത്‌, പക്ഷെ സഹമുറിയന്റെ കൂര്‍ക്കം വലിയുടെ ശബ്ദവും അലാറത്തിന്റെ ശബ്ദവും ആനയും ആടും തമ്മിളുള്ള വ്യത്യാസം ഉള്ളതുകൊണ്ടോ അതോ തലേദിവസത്തെ ഉറാക്കഷീണം കൊണ്ടൊ എന്നറിയില്ല അലാറം അടിച്ചതു കേട്ടില്ല, അങ്ങനെ ഫസ്റ്റ്‌ അറ്റെംറ്റ്‌ ചീറ്റിപ്പോയി.

എന്നും അനുഭവങ്ങളില്‍ നിന്നു പല പാഠങ്ങളും പഠിച്ചിട്ടുള്ള ഞാന്‍ തൊട്ടടുത്ത ദിവസം കൃത്യസമയത്തു തന്നെ എനീറ്റ്‌ പദചലനത്തിനായി കാത്തിരുന്നു. ഈശ്വരാ ഭയവും ധൈര്യം കലര്‍ന്ന ഒരു വികാരം എന്നെ തളര്‍ത്തിക്കൊണ്ടിരുന്നു. ആ ശബ്ദം വീണ്ടും കേട്ടുതുടങ്ങി, അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും എന്റെ വക നേര്‍ച്ചകള്‍ വന്നു വീണുകൊണ്ടിരുന്നു. കാലോച്ച പതിയെ അകന്നു തുടങ്ങി ഇനിയും താമസിച്ചാല്‍ അലാറം വെച്ചതു വെറുതെയാകും. രണ്ടും കല്‍പിച്ചു ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. അപ്പോളുണ്ടെടാ മീന്‍കാരുടെ വണ്ടിയെന്നു നമ്മള്‍ വിളിക്കുന്ന M-80 പോലൊരു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്‌ നമ്മുടെ ജാപ്പനീസ്‌ പ്രേതം പോകുന്നു. പാവം പത്രക്കാരന്‍ വെറുതെ സംശയിച്ചു, എനിക്കെന്നോടു തന്നെ ഒരു വെറുപ്പു തോന്നി.

Wednesday, October 18, 2006

പപ്പന്റെ വിഷമം...

പപ്പന്‍ നിരാശനാണ്‌, എല്ലാവരും പറയുന്നത്‌ ഒരു പ്രേമം പൊട്ടിയാല്‍ രണ്ട്‌ കിലോ എങ്കിലും തൂക്കം കുറയും എന്നണ്‌... എന്നിട്ടോ നിര നിരയായി ആറെണ്ണമാണ്‌ കാവിലെ ഭഗവതിക്കു നിരത്തിയ കതിന പോലെ ഠമാര്‍ പടാര്‍ ആയത്‌... നൈരാശ്യത്തിന്റെ സങ്കുചിതാവസ്തയില്‍ ബിയറടിച്ചു വയറു ചാടി ഗ്രഹിണി പിടിച്ച പിള്ളാരുടെ പോലെയായതു മിച്ചം...

"why me god... why me?" പപ്പന്റെ ഓഞ്ഞ ശബ്ദം ഭക്തിസാന്ദ്രമായ ദൈവസന്നിദിയില്‍ ഒരു ആദിവാസി ഗാനം പോലെ മുഴങ്ങി.

പപ്പനൊന്നു നോക്കിയാല്‍ പിന്നെ പെണ്‍കുട്ടികളുടെ കല്ല്യണം പെട്ടന്നു നടക്കുമെന്നണ്‌ നാട്ടിലെ സംസാരം, ഭാസ്കരപാപ്പന്റെ ചായക്കടിയില്‍ വരെ ഈ സംഭവം ചര്‍ച്ചക്കെടുത്തിരുന്നു. സാധാരണയായി അഗോളവിഷയങ്ങളല്ലാതെ ഇത്തരം ചീളു കേസുകളൊന്നും അവിടെ ഡിസ്കഷനു വരാറില്ല. ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയപ്പൊള്‍ മറ്റു ലോക രാജ്യങ്ങളെക്കാള്‍ മുമ്പ്‌ ആ നടപടിയെ അപലഭിച്ച ഒരു ചരിത്രം കൂടിയുണ്ട്‌ ഭാസ്കരപാപ്പന്റെ ചായക്കടക്ക്‌.

പപ്പനിപ്പോള്‍ അന്നമ്മ ചേട്ടത്തിയുടെ ഠൗണിലെ കടയില്‍ തയ്യലു പടിക്കാന്‍ വരുന്ന സൂസിയുമായി പ്രണയത്തിലാണ്‌. പപ്പന്റെ പൂര്‍വ്വകാല ചരിത്രം മുഴുവനുമറിയുന്ന സൂസിക്കും അവനെ ഇഷ്ടമാണത്രെ. കല്ല്യാണം പെട്ടന്നു നടക്കാന്‍ അവളു കണ്ടെത്തിയ എളുപ്പവഴിയാണിതെനു ചില അസൂയക്കാരു പറഞ്ഞു പരത്തിയെങ്കിലും, പപ്പനു സൂസിയെന്നുവെച്ചാല്‍ തമിഴ്‌ നാട്ടുകാര്‍ക്കു മുല്ലപ്പെരിയാറുപോലെയായിരുന്നു. അങ്ങനെ ദിവസങ്ങള്‍ കദന്നുപോയി, പപ്പന്‍ സൂസി പ്രണയച്ചൂടില്‍ നിരവധി പനിനീര്‍ പുഷ്പങ്ങള്‍ അകാലചരമമടഞ്ഞു.

പപ്പനു ജോലി കിട്ടി, വറീതേട്ടന്റെ എളേ മോന്‍ കൊച്ചാപ്പന്‍ വഴിയാണു ജോലി ശരിയായത്‌. കൊച്ചാപ്പനു ബോംബെയില്‍ വൈരക്കല്ലിന്റെ പണിയാണ്‌, പപ്പനും അവിടെ തന്നെയാണു പണി ശരിയാക്കിയിരിക്കുന്നതു. ഭാസ്കരേട്ടന്റെ ചായക്കടയില്‍ പത്രം വായിക്കുകയും പരദൂഷണം പറയുകയും മാത്രം ചെയ്യുന്ന നാരായണനാശാരിയാണാ ന്യൂസ്‌ പുറത്തുവിട്ടത്‌.

നാളെ പപ്പന്‍ ബോംബെക്കു പോകുകയാണ്‌, ഇന്നു വൈകുന്നേരം വലിയ ബണ്ടിനോടുചേര്‍ന്നുള്ള ചിറക്കടുത്തു മീറ്റ്‌ ചെയ്യമെന്നണു സൂസി പറഞ്ഞിരിക്കുന്നതു. ഉച്ചതിരിയാറായപ്പോളേക്കും പപ്പന്‍ സ്പോട്ടില്‍ ഹാജരായി. ഒരു അഞ്ചരയോടു കൂടി ആരോ ബണ്ടിലൂടെ നടന്നു വരുന്നതു പപ്പന്‍ കണ്ടു, അതു സൂസി തന്നെ അല്ലാതാരു വരാന്‍ ഈ നേരത്തിവിടെ. പപ്പന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ടു ലുട്ടാപ്പി ഫാന്‍സ്‌ അസോസിയേഷന്‍ ലോക്കല്‍ പ്രസിഡന്റ്‌ കം ഖജാഞ്ചി മണിക്കുട്ടനായിരുന്നു അത്‌. സൂസിയുടെ ഹംസമായാണ്‌ ഇഷ്ടന്റെ വരവു, ഒരു രൂപയുടെ കപ്പലണ്ടി മിട്ടായിയും രണ്ട്‌ എള്ളുണ്ടയും വാങ്ങി കൊടുത്തല്‍ എത്ര സാഹസികമായ ഹംസ വേഷവും കെട്ടിയിരുന്ന മണിക്കുട്ടന്‍ നാട്ടിലെ കമിതാക്കളുടെ ആശ്വാസമായിരുന്നു.

കത്തു വായിച്ച പപ്പന്‍ ഞെട്ടി, സൂസി തന്നെ ഇട്ടിട്ടു പോയി എന്ന സത്യം അവന്‍ മനസിലാക്കി. പപ്പന്റെ എല്ലാ പ്രണയങ്ങളുടെയും ക്ലൈമാക്സ്‌ യാഷ്‌ ചൊപ്ര പടങ്ങളിലെപ്പോലെ മൂന്നാം ഹീറോയില്‍ അവസാനിക്കറാണ്‌ പതിവ്‌, ഇത്തവണയും. അങ്ങനെ മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി!!

"why me gOd... why me?" പപ്പന്റെ ആ ഓഞ്ഞ ശബ്ദം വീണ്ടും മുഴങ്ങി.

Tuesday, October 03, 2006

പൂച്ച ബാറും പിന്നെ പൂരപ്പാട്ടും!!

നാസുവിലെ കുടിയന്മാരായ മലയാളികളുടെ ആസ്ഥാന ബാറും കലാക്ഷേത്രവുമെല്ലമാണ്‌ പൂച്ച ബാര്‍. പൂച്ചയില്‍ പോകാന്‍ കള്ളുകുടിക്കണം എന്നതൊരു മാനദണ്ഡമായിരുന്നില്ല.ഒട്ടുമിക്ക ആഴ്ചാവസാനങ്ങളിലും പൂച്ചയിലെ സന്ദര്‍ശകരായ ഞങ്ങള്‍ക്ക്‌ അവിടെയൊരു പ്രത്യേക പരിഗണന ലഭിച്ചിരുന്നു. വെള്ളി ശനി ദിവസങ്ങളിലെ ഞങ്ങളുടെ ഈ കലാസാംസ്കാരിക പരിപ്പാടികള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചില അസൂയാലുക്കള്‍ക്കിടയില്‍ സംസ്കാരം ഇല്ല എന്നൊരു അഭിപ്രായം ഉണ്ടെങ്കിലും, ഞാനത്‌ ശക്തിയുക്തം നിഷേധിക്കുന്നു.

എല്ലാവര്‍ക്കും ഉണ്ടായേക്കവുന്ന അതേ സംശയം തന്നെ എനിക്കുമുണ്ടായി, "പൂച്ച ബാര്‍" ഇതെങ്ങനെ ഈ പൂച്ചയെന്ന പേരുണ്ടായി!! ഞാന്‍ പലരോടും ചോദിച്ചു ഒരുവിധം എല്ലവരുടെയും അവസ്ഥ എന്റേതുതന്നെയെന്ന സത്യം ഞാന്‍ മനസിലാക്കി. ഇല്ല എങ്ങനെയെങ്കിലും ഇതിന്റെ പിന്നിലെ രഹസ്യം കണ്ടുപിടിച്ചിട്ടെ എനിക്കിനി വിശ്രമമുള്ളു, പല കുറ്റാന്വേഷണ സിനിമകളിലേയും രംഗങ്ങള്‍ എന്റെ മനസിലൂടെ കടന്നുപോയി. അവസാനം സ്ഥലത്തെ തലമൂത്ത പയ്യന്‍സില്‍നിന്ന് ഞാന്‍ സത്യം മനസിലാക്കി. ശരിക്കും ബാറിന്റെ പേരു മറ്റെന്തൊ ആണ്‌, പേരവിടെ കാഞ്ചിയിലാണ്‌ എഴുതിവച്ചിരുന്നതു, പണ്ടെങ്ങോ അടിച്ചു പാമ്പായ ഏതോ ഒരു പൂര്‍വ്വകാല കുടിയന്‍ ബാറിന്റെ പേരിനോടു ചേര്‍ത്ത്‌ വരച്ചു വച്ചിട്ടുള്ള പൂച്ചയുടെ രേഖാചിത്രം നൊക്കി ഇങ്ങനെ പ്രസ്താവിച്ചു

"ഇനി മുതല്‍ ഈ ബാര്‍ പൂച്ച ബാറെന്നറിയപ്പെടും!!"

അങ്ങനെ ജാപ്പനീസില്‍ അടിസ്ഥാന വിദ്യാഭ്യസം പോലും ഇല്ലാതിരുന്ന ആ മഹാനായ കുടിയന്റെ വാക്കുകള്‍, അവസരം കിട്ടിയാലും ഇല്ലെങ്കിലും മനപ്പൂര്‍വ്വം അവസരങ്ങളുണ്ടാക്കി അവിടെപ്പോയി ഒപ്പു വച്ചിരുന്ന പാവപ്പെട്ട സഹകുടിയന്മാരുടെ ഇടയില്‍ അദ്ദേഹത്തിനൊരു ഒരു നായകപരിവേഷം നേടിക്കൊടുത്തു. അങ്ങനെ പട്ടാമ്പി റെയില്‍വെ സ്റ്റേഷന്‍ ഉണ്ടായി എന്നു പറയുന്നതുപോലെ പൂച്ച ബാറും ഉണ്ടായി.

പലപ്പോലും പൂച്ചയിലെ പല രംഗങ്ങളും, ആക്ഷനും കോമഡിയും പ്രേമവും ഗാനരംഗങ്ങളും നിറഞ്ഞൊരു പക്കാ ഇന്ത്യന്‍ സിനിമയെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ഒരു ഒന്നര അകത്തുകയറിയാല്‍ പിന്നെ പലരും പല പല കഥാപാത്രങ്ങളായി രൂപം പ്രാപിക്കും. ചിലര്‍ക്കു പാട്ടു പാടണം, ചിലര്‍ക്കു അമ്മയെ കാണണം ചിലര്‍ക്കു വീട്ടില്‍ പോകണം, ചിലര്‍ക്കു കല്ല്യാണം കഴിക്കണം അങ്ങനെ പലതരത്തിലാണു പലരുടെയും ആവശ്യങ്ങള്‍.

ഒരു ദിവസം പൂച്ചയിലെ പതിവു സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്‌. എന്നത്തെയും പോലെ ഞങ്ങള്‍ അന്താക്ഷരി കളി തുടങ്ങി. കള്ളുകുടിക്കിടയിലെ ഈ അന്താക്ഷരി വന്‍വിജയമാണെന്ന സത്യം ഞങ്ങള്‍ നേരത്തേ മനസിലാക്കിയിരുന്നു. പ്രത്യേകിച്ചു നിയമങ്ങളോ ജയപരാജയങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല ഈ അന്താക്ഷരിക്ക്‌, ചുമ്മ റ്റേണ്‍ അനുസരിച്ചു പാട്ടു പടുക എല്ലാവരും ഏറ്റു പാടും അത്രമാത്രം. അങ്ങനെ അവസാനം കൊട്ടിക്കലാശം എത്തി അന്താക്ഷരി പതിയെ പൂരപ്പാട്ടിലേക്കു മാറി. പൂരപ്പട്ടിന്റെ താളത്തില്‍ രസം പിടിച്ച ചില ജപ്പാന്‍കാരും ഞങ്ങളുടെ കൂടെക്കൂടി കൈകൊട്ടിതുടങ്ങി. ആവേശംമൂത്ത ഒരു ജപ്പാന്‍കാരനു പാട്ടിന്റെ അര്‍ഥമറിയണം, അതെങ്ങാനുമറിഞ്ഞാലുള്ള നറ്റക്കേസോര്‍ത്ത്‌ ഒരുവിധത്തിലങ്ങേരെ ഞങ്ങള്‍ ഒതുക്കിവിട്ടു. പിന്നെ ഞങ്ങളുടെ പാട്ടിനെക്കുറിച്ച്‌ അഭിനന്ദനങ്ങളുടെ ഒരു പ്രവാഹമായിരുന്നു. ജപ്പാന്‍കാര്‍ ഇന്ത്യയുടെ സംസ്കാരത്തെ പറ്റിയും കലാ വൈവിദ്യങ്ങളെപറ്റിയും വായ്തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.

പൂരപ്പാട്ടിലൂടെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മനിര്‍വൃതിയോടെ ഞങ്ങളന്നു പൂച്ചയുടെ പടിയിറങ്ങി. നാസുവിലെ മലയാളികളുടെ കലാക്ഷേത്രമെന്ന കീര്‍ത്തിക്ക്‌ യതൊരു കോട്ടവും തട്ടാതെ പൂച്ച ഇപ്പൊളും തലയുയര്‍ത്തി നില്‍ക്കുന്നു.