Tuesday, January 16, 2007

ലോറന്‍സേട്ടനെ കുടുക്കിയ ATM !!

പുതിയ പഞ്ചായത്ത്‌ റോഡിന്റെ കണ്‍വീനര്‍ സ്ഥാനം കിട്ടിയതില്‍പ്പിന്നെ സ്വതവേ പൊക്കിത്തരത്തിന്റെ ആശാനായ ലോറന്‍സേട്ടന്റെ ജാട താങ്കമുടിയതായി. ഇങ്ങനെയൊരു പഞ്ചായത്ത്‌ റോഡ്‌ വരേണ്ടത്‌ അരേക്കാളുമുപരി ലോറന്‍സേട്ടന്റെ ആവശ്യമാണ്‌. അതിനുകാരണമായി നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്‌, ലോറന്‍സേട്ടന്റെ ഇളയ മൊള്‌ റഹേലിന്റെ കല്യാണവും നാലുചക്രവാഹനം കേറിവരാന്‍ സൗകര്യമുള്ള വീട്ടിലെ കുട്ടിയുടെ വിവാഹമാര്‍ക്കറ്റ്‌ വാല്യുവും ആണ്‌ പ്രധാനമായി ആരോപിക്കപ്പെട്ടിരുന്നത്‌. അസൂയാലുക്കളുടെ വിലകുറഞ്ഞ അഭിപ്രായങ്ങളെന്നും എന്തിനേയും എതിര്‍ക്കുന്ന പിന്തിരിപ്പന്‍ മൂരാച്ചി രാഷ്ട്രീയപൊറാട്ടുനാടകമായും വിലയിരുത്തി എല്ലാ ആരോപണങ്ങളും നമ്മുടെ ലോറന്‍സേട്ടന്‍ നിഷേധിച്ചു.

ഇങ്ങനെയൊക്കെയാണ്‌ കാര്യങ്ങളെങ്കിലും വിഴിഞ്ഞം തുറമുഖം വരും വരും എന്നു പറയുന്നതുപോലെ കൊറേ നാളുകളായി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ സ്ഥിരം ഐറ്റമായും നാട്ടുകാരുടെ സ്വപ്നമായും ഈ പറഞ്ഞ പഞ്ചായത്ത്‌ റോഡ്‌ സ്വൈര്യവിഹാരം നടത്തിവരികയാണ്‌. ലോറന്‍സേട്ടനെ സംബന്ധിച്ചിടത്തോളം രണ്ടുകാര്യങ്ങളാണ്‌ പ്രധാനം ഒന്നു മാടവന ഷാപ്പിലേക്കുള്ള ദൂരം മൂന്നിലൊന്നായി ചുരുങ്ങുമെന്നതും രണ്ടാമതായി ഇഷ്ടന്റെ പറ്റുപിടി മേരിക്കുട്ട്യേടത്തിയുടെ വീട്ടിലേക്കൊരു ഷോട്ട്‌കട്ടും. 8-ാ‍ം വാര്‍ഡിന്റെ ആസ്ഥാന കാസിനോയും ലോറന്‍സേട്ടനും വെരെ ചില ഹൈ-സൊസൈറ്റി മെംബെര്‍മാരും കൂടി പന്നി മലത്തുന്ന മുരുക്കുംപാടത്തേക്കു പോലീസ്‌ ജീപ്പ്പിനു ഡയറക്റ്റ്‌ എന്‍ട്രി സാധ്യമാകും എന്നതുമാത്രമാണ്‌ നമ്മുടെ കണ്‍വീനറെ അലട്ടുന്ന ഏക പ്രശ്നം.

എറിയാട്‌ പഞ്ചായത്ത്‌ 8-ാ‍ം വാര്‍ഡിലെ ഒരെയൊരു എക്സ്‌-ഗള്‍ഫുകാരനും വംശനാശഭീഷനിനേരിടുന്ന അപൂര്‍വ്വം പുത്തന്‍പണക്കാരില്‍ ഒരാളുമായ നമ്മുടെ ലോറന്‍സേട്ടനങ്ങനെ സര്‍വ്വസമ്മതനായി നിലകൊള്ളുകയാണ്‌. പണ്ട്‌ ഇങ്ങേര്‌ ഗള്‍ഫിലായിരുന്നപ്പോള്‍ അറബിയുടെ മാനേജറാണെന്നായിരുന്നു നാട്ടില്‍ പറഞ്ഞിരുന്നത്‌. പിന്നീട്‌ ചില ഇന്റെലിജെന്‍സ്‌ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അറബിയുടെ വീട്ടുജോലിയാണെന്ന സത്യം നാട്ടില്‍ പാട്ടായി. പത്തുകൊല്ലത്തെ കഠിനാധ്വാനത്തിനു ശേഷം ഒരു കണ്ടെയിനര്‍ സാധനങ്ങളും ഒരു പെട്ടി കാശും കൊണ്ടാണത്രെ ലോറന്‍സേട്ടന്‍ ലാന്റ്‌ ചെയ്തത്‌. കൊണ്ടുവന്ന് ഐറ്റംസില്‍ അറബി പല്ലുകുത്തിയിരുന്ന കോലു മുതല്‍ പുറം ചൊറിയാനുള്ള ബ്രഷ്‌ വരെ ഉണ്ടായിരുന്നെന്നും അതില്‍ പലതും അറബിയുടെ വീട്ടില്‍ നിന്നു അടിച്ചുമാറ്റിയതാണെന്നുമാണ്‌ ജനസംസാരം. അറബി പോലീസില്‍ വഞ്ചനാകുറ്റത്തിന്‌ കേസ്‌ കൊടുത്തെന്നും ഇനി ഗല്‍ഫില്‍ തിരിച്ചു ചെന്നാല്‍ തലവെട്ടുമെന്നും വെറൊരു കഥ കൂടിയുണ്ട്‌ ഇദ്ദേഹത്തിന്റെ പേരില്‍.

നിരവധി ദുഷ്‌പ്രചരണങ്ങളില്‍ മാനഹാനി നേരിട്ടു കൊണ്ടിരിന്ന സമയത്ത്‌ ധനനഷ്ടത്തില്‍ നിന്നൊരു മോചനമായി സ്ഥലം വികാരി പോളച്ഛന്റെ നിര്‍ദേശപ്രകാരം നമ്മുടെ ലോറന്‍സേട്ടന്‍ ഉണ്ടായിരുന്ന കാശെല്ലം കൊണ്ടുപോയി സഭയുടെ സ്വന്തം പേരിലുള്ള ബാങ്കില്‍ നിക്ഷേപിച്ചു. അങ്ങനെ ലോറന്‍സേട്ടന്‍ 8-ാ‍ം വാര്‍ഡിലെ ആദ്യത്തെ ബാങ്ക്‌ അക്കൗണ്ടിനുടമ എന്ന നിലയില്‍ ചരിത്രത്താളുകളില്‍ എഴുതപ്പെട്ടു. കഷ്ടകാലം വരുമ്പോള്‍ കുടുംബമടച്ചു വരും എന്നു പറഞ്ഞപോലെ നാട്ടുകാരുടെ മുഴുവന്‍ ബാങ്കിടപാടുകള്‍ക്കും സാക്ഷിയാകേണ്ട ഗതികേടും സൗജന്യമായി ഇദ്ദേഹത്തെ തേടിയെത്തി.

എന്തിനേറെ പറയുന്നു, പഞ്ചായതു റോഡ്‌ ഫണ്ടും അങ്ങനെ ലോറന്‍സേട്ടന്റെ അക്കൗണ്ടില്‍ തന്നെ വന്നു. നമ്മുടെ സഭക്കാരുടെ ബാങ്കിന്റെ ഒരു പ്രത്യേകത എന്തെന്നല്‍ കൊച്ചിയില്‍ ഒരു ATM ഉണ്ടെങ്കില്‍ പിന്നെ അടുത്തത്‌ കൊല്ലത്താണ്‌. അങ്ങനെ നാളത്തെ പഞ്ചായത്തു റോഡ്‌ കമ്മറ്റി മീറ്റിംഗ്‌ പ്രമാണിച്ച്‌ കുറച്ചു കാശു പിന്‍വലിക്കാനെന്ന ഉദ്യേശത്തോടെ നമ്മുടെ കഥാനായകന്‍ ATM-ലേക്കു വരുകയാണ്‌. അപ്പൊളുണ്ടെടാ ATM-ല്‍ പൈസ തീര്‍ന്നിരിക്കുന്നു, ഇനി നാളയെ ബാങ്കുകാര്‌ പൈസ ലോഡ്‌ ചെയ്യൂ. ചുരുക്കിപ്പറഞ്ഞാല്‍ വാതിലില്‍ മുട്ടിയപ്പോല്‍ കൂട്ടതന്തക്കു വിളിച്ചതും പോരാഞ്ഞ്‌ പട്ടിയെം അഴിച്ചു വിട്ടു എന്നു പറഞ്ഞ പോലെയായി. ഷാപ്പില്‍ കൊടുക്കാന്‍ കാശുവേണം ചീട്ടുകളിക്കാന്‍ കാശുവേണം ഒന്നുമ്പോരഞ്ഞ്‌ ചയേം വടേം ഇല്ലാത്ത കമ്മറ്റി മീറ്റിംഗിനെ പറ്റി ആലോചിക്കാന്‍ പോലും പറ്റുന്നില്ല. എല്ലാത്തിനും വേണം കാശ്‌ മുടിഞ്ഞ ATM-ല്‍ ആണെങ്കില്‍ പൈസേം ഇല്ല.

അങ്ങനെ എല്ലാം കൊണ്ടും കുരുപൊട്ടിയിരിക്കുന്ന സമയത്താനു ലോറന്‍സേട്ടന്റെ തലയില്‍ ആ ബുദ്ധി ഉദിച്ചത്‌. എന്തുകൊണ്ടു വെറെ ഒരു ATM-ല്‍ നിന്നു പൈസ എടുത്തൂട, കുറച്ചു പൈസ പൊയാലും വേണ്ടില്ല അതുതന്നെ രക്ഷ. അങ്ങനെ ഏറ്റവും അടുത്തുല്ല സ്റ്റേറ്റ്‌ ബാങ്ക്‌ ATM-ലെക്കു പോകാന്‍ തിരുമാനിച്ചു. അങ്ങനെ ATMല്‍ എത്തിയപ്പോളുണ്ടെടാ വാതില്‍ തുറന്നു തരാന്‍ ഒരു കാവല്‍ക്കാരന്‍ പോലും ഇല്ല, മാറ്റേ സ്ഥലത്തായിരുന്നെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വീകരണമായിരുന്നു കേറുമ്പോളും ഇറങ്ങുമ്പോളും വരെ വാതില്‍ തുറന്നുതരാന്‍ വരെ ആളുണ്ട്‌!!

ATM ആണത്രെ ATM എന്ന പുച്ചഭാവത്തോടെ വാതിലില്‍ ഒന്നും തള്ളി നോക്കി... ഇല്ല തുറക്കുന്നില്ല
പിന്നെ ഒന്നു വലിച്ചു നോക്കി... ഇല്ല എന്നിട്ടും രക്ഷയില്ല.

പിന്നെയവിടെ ഉന്തിന്റേം തള്ളിന്റേം ഒരു ബഹളമായിരുന്നു, ലോറന്‍സേട്ടന്റെ കിരീടത്തില്‍ തോല്‍വിയുടെ മറ്റൊരു പൊന്‍തൂവല്‍ കൂടി. പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ടു കാര്‍ഡിട്ടല്‍ തുരക്കുന്ന ATM ഉണ്ടെന്നു അതൊന്നു പരീക്ഷിക്കന്‍ തന്നെ തിരുമാനിച്ചു നമ്മുടെ ലോറന്‍സേട്ടന്‍. ആ ഡോറിലും പരിസരപ്രദേശങ്ങളിലും കണ്ട എല്ലാ ഗ്യാപ്പുകളിലും കക്ഷി കാര്‍ഡ്‌ നിക്ഷേപം നടത്തി. അവസാനം എങ്ങനെയോ എപ്പോളോ വാതില്‍ തുറക്കപ്പെട്ടു.

നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തുടച്ചുകൊണ്ട്‌ ലോറന്‍സേട്ടന്‍ അകത്തേക്കുകയറി. ശീതീകരിച്ച മുറിയില്‍ ആത്മനിര്‍വൃതിയോടെ തന്റെ കഠിനാധ്വാനത്തിനു മുന്നില്‍ തുറക്കപ്പെട്ട വാതിലിനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട്‌ പൈസയെടുത്തു, അപ്പോള്‍ മാടവന ഷാപ്പ്‌! ചീട്ടുകളി! കമ്മിറ്റി മീറ്റിംഗ്‌! തുടങ്ങിയ ചിത്രങ്ങല്‍ എപ്പിസോഡ്‌ എപ്പിസോഡായി തെളിഞ്ഞുവന്നു. എല്ലാം കഴിഞ്ഞു വാതില്‍ തുറക്കാനായി തള്ളിയതും... ഇല്ല തുറക്കുന്നില്ല... ഈശ്വരാ കുടുങ്ങിയോ. പിന്നെ അവിടെ ലോറന്‍സേട്ടന്‍ കാണിക്കത്ത അക്രമങ്ങളൊന്നുമില്ല, എന്തിനേറെ പറയുന്നു ഉറക്കെ ഓളിയിട്ടുവരെ നോക്കി... ആരു കേള്‍ക്കാന്‍. ഇതിനിടക്കതിലെ കാശെടുക്കാന്‍ വന്ന ആരോ ഷമകെട്ടുള്ളിലേക്കു നോക്കിയപ്പോളുണ്ടെടാ "ലോറന്‍സേട്ടന്റെ പരാക്രമങ്ങല്‍ ബാലെ" ഒന്നാം ദിവസം നടന്നുകൊണ്ടിരിക്കുകയാണ്‌. പിന്നെ ഒരുപാടു നേരത്തെ പരിസ്രമത്തിനുശേഷം ആംഗ്യഭാഷയുടെ അനന്തസാധ്യതകളുപയോഗിച്ച്‌ ഉള്ളിലുള്ള ബട്ടന്‍ അമര്‍ത്തി പുറത്തിറങ്ങുന്ന വിധം പറഞ്ഞ്‌ മനസിലാക്കിച്ചു.

അങ്ങനെ വിയര്‍ത്തുകുളിച്ച്‌ ലോറന്‍സേട്ടന്‍ പുറത്തിറങ്ങി വന്നു, അപ്പൊള്‍ അങ്ങേരെയെടുത്തു പിഴിഞ്ഞാല്‍ അരബക്കറ്റ്‌ വെള്ളം കിട്ടുമെന്നു ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ശീതികരിച്ച മുറിയില്‍ നിന്നു വിയര്‍ക്കാന്‍ ഭാഗ്യം ലഭിച്ച 8-ാ‍ം വാര്‍ഡ്‌ മെംബര്‍ എന്നനിലയിലും ലോറന്‍സേട്ടന്‍ പ്രസിദ്ധനായി.

13 Comments:

Blogger പിആര്‍വിഎന്‍ | PRVN said...

ലോറന്‍സേട്ടനെ കുടുക്കിയ ATM !!
ഒരു കൊച്ചു പോസ്റ്റ്...

സ്വന്തം പീലു...

11:25 PM, January 16, 2007  
Blogger Rasheed Chalil said...

അപ്പൊള്‍ അങ്ങേരെയെടുത്തു പിഴിഞ്ഞാല്‍ അരബക്കറ്റ്‌ വെള്ളം.... പീലു സംഭവം കൊള്ളാം... നല്ല വിവരണം. ഈ അര ബക്കറ്റ് എന്തെങ്കിലും ചെയ്ത് കുറച്ച് കുറക്കാന്‍ പറ്റുമോ... ?

11:50 PM, January 16, 2007  
Blogger സുല്‍ |Sul said...

പീലുവേ,
ഇതങ്ങാനും ആ ലോറന്‍സങ്കിളുകണ്ടാ. നിന്റെ കട്ട പൊഹ.

സംഭവം കിടിലന്‍.

-സുല്‍

11:55 PM, January 16, 2007  
Blogger പിആര്‍വിഎന്‍ | PRVN said...

പാടാ...

എന്നാലും ഇത്തിരിമാഷ് പറഞ്ഞതുകൊണ്ട് ഇത്തിരികുറക്കാന്‍‌ പറ്റുമോന്ന് ഇത്തിരി നേരം ഒത്തിരിയാലോചിച്ചുപറയാം.

സ്വന്തം പീലു...

11:57 PM, January 16, 2007  
Blogger നന്ദു said...

പീലു, നല്ല പോസ്റ്റ്. :)

12:30 AM, January 17, 2007  
Blogger Kaithamullu said...

അല്ല പീലൂ,
തൃശ്ശൂര്‍ന്ന് നാട്ടിലേക്കൊന്നും പോണ്ടെന്നാണോ? പേരുമാറ്റിയാണ് പോസ്റ്റിയതെങ്കിലും ലോറെന്‍സേട്ടണ്ടെ ചാരന്മാരാരെങ്കിലും ഈ വിവരം അങ്ങേരെ അറിയിക്കാതിരിക്ക്വോ?

12:43 AM, January 17, 2007  
Blogger സു | Su said...

പീലു, ലോറന്‍സേട്ടന്‍ പാവമല്ലേ. പീലു ഉണ്ടെങ്കില്‍ എളുപ്പത്തില്‍ സഹായിച്ചേനെ അല്ലേ?

1:08 AM, January 17, 2007  
Blogger ഏറനാടന്‍ said...

പീലുവിന്റെ പോസ്‌റ്റ്‌ വായിച്ച്‌ എനിക്ക്‌ ഒരു സംഗതി ബോധിപ്പിക്കണമെന്നു തോന്നി. പീലു രസകരമായി പറഞ്ഞിരിക്കുന്നു. ഈ നായകന്‍ ലോറന്‍സ്‌ ജീവിച്ചിരിക്കുന്നെങ്കില്‍ ഉടനെയൊന്നും നാട്ടില്‍ പോവേണ്ടാട്ടോ.

കാരണം എന്റെ കഥകളിലെ ആലന്‍മത്തായിയും പിരാന്തന്‍അബുവും ബുള്ളറ്റ്‌മമ്മൂട്ടിയും കോഴിമജീദും ഖദര്‍മുനീബ്‌ etc.etc. ഞാന്‍ നാട്ടിലെത്തുന്നതും നോക്കി കണ്ണിലെണ്ണയും ഒഴിച്ചു കാത്തിരിക്കുന്നുവത്രെ! അതോണ്ട്‌ രണ്ട്‌ ലീവുകള്‍ എനിക്ക്‌ ലാപ്‌സാക്കേണ്ടി വന്നു. ഇനി പോയാല്‍ ഏതു ഷേയ്‌പിലാണ്‌ തിരിച്ചുവരുകയെന്ന് ആര്‍ക്കറിയാം!

1:10 AM, January 17, 2007  
Blogger പിആര്‍വിഎന്‍ | PRVN said...

ഇനി ഇനിക്കാ സത്യം പറയാതെ വയ്യ...

ഈ കഥയില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങലും കഥാസന്ദര്‍ഭങ്ങളും തികച്ചും സാങ്കല്‍‌പ്പികമാണ്‍.

ഞാന്‍ ഈ കഥാപാത്രങ്ങള്‍ക്ക് എന്റെ നാട്ടില്‍ ജീവിക്കാന്‍ അവസരം കൊടുത്തു എന്നുമാത്രം.

കമന്റിയ എല്ലാര്‍ക്കും എന്റെ നന്ദി.


സ്വന്തം പീലു...

1:16 AM, January 17, 2007  
Blogger Mubarak Merchant said...

താന്‍ എന്താടോ പീലൂ നന്നാവാത്തെ?
(ക:ട്: സാന്‍ഡോസ്)

നീയന്ന് ഏറ്റിയെമ്മില്‍ കുടുങ്ങിയിട്ട് ഫയര്‍ ഫോഴ്സ് വന്നല്ലേ പുറത്തെറക്കീത്?

ന്തായാലും കൊള്ളാം, നന്നായി വര്‍ണ്ണിച്ചിരിക്ക്ണൂ. ആശംസകള്‍.

1:26 AM, January 17, 2007  
Blogger paarppidam said...

ഗട്യേ( ഗടിനിയോ) തകര്‍ത്തൂട്ടാ.വെടിച്ചില്ല് സാധനം. ഇമ്മളീ തൃശ്ശൂക്കാരായിട്ട്‌ ഈ മൊതല്‌ ഇപ്ലാ കണ്ടത്‌.
ഞാന്‍ അന്തിക്കാട്ന്നാണ്‌....

നന്നായിരിക്കുന്നു.വിശാലേട്ടനെപ്പോലെ വേറേം ചുള്ളന്‍/ചുള്ളീകള്‍ ഉണ്ടെന്ന് അറിഞ്ഞു വരണേ ഉള്ളൂ.
എന്നാ പിന്നെ എഴുതി തകര്‍ക്കല്ലെ? ഏത്‌.

3:35 AM, January 17, 2007  
Blogger വേണു venu said...

പീലുവേ നല്ല രസികന്‍ വിവരണം.
ലോറന്‍സേട്ടന്റെ കിരീടത്തില്‍ തോല്‍വിയുടെ മറ്റൊരു പൊന്‍തൂവല്‍ കൂടി കൊടുത്തു നടത്തിയ ചിത്രം ഒത്തിരി ചിരിപ്പീച്ചേ... നല്ല വര്‍ക്കു്.

4:09 AM, January 17, 2007  
Blogger പിആര്‍വിഎന്‍ | PRVN said...

ഇക്കസിക്കാ:
നന്നാവണമെന്നെനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല... പറ്റണ്ടെ

പാര്‍പ്പിട ചേട്ട:
ഞാന്‍ ഗഡിയാണെ... ഗഡിനിയല്ല!

വേണുവേട്ട:
:)

കമന്റിയ എല്ലാര്‍ക്കും നന്ദി.


സ്വന്തം പീലു...

5:55 AM, January 17, 2007  

Post a Comment

<< Home