Tuesday, October 03, 2006

പൂച്ച ബാറും പിന്നെ പൂരപ്പാട്ടും!!

നാസുവിലെ കുടിയന്മാരായ മലയാളികളുടെ ആസ്ഥാന ബാറും കലാക്ഷേത്രവുമെല്ലമാണ്‌ പൂച്ച ബാര്‍. പൂച്ചയില്‍ പോകാന്‍ കള്ളുകുടിക്കണം എന്നതൊരു മാനദണ്ഡമായിരുന്നില്ല.ഒട്ടുമിക്ക ആഴ്ചാവസാനങ്ങളിലും പൂച്ചയിലെ സന്ദര്‍ശകരായ ഞങ്ങള്‍ക്ക്‌ അവിടെയൊരു പ്രത്യേക പരിഗണന ലഭിച്ചിരുന്നു. വെള്ളി ശനി ദിവസങ്ങളിലെ ഞങ്ങളുടെ ഈ കലാസാംസ്കാരിക പരിപ്പാടികള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചില അസൂയാലുക്കള്‍ക്കിടയില്‍ സംസ്കാരം ഇല്ല എന്നൊരു അഭിപ്രായം ഉണ്ടെങ്കിലും, ഞാനത്‌ ശക്തിയുക്തം നിഷേധിക്കുന്നു.

എല്ലാവര്‍ക്കും ഉണ്ടായേക്കവുന്ന അതേ സംശയം തന്നെ എനിക്കുമുണ്ടായി, "പൂച്ച ബാര്‍" ഇതെങ്ങനെ ഈ പൂച്ചയെന്ന പേരുണ്ടായി!! ഞാന്‍ പലരോടും ചോദിച്ചു ഒരുവിധം എല്ലവരുടെയും അവസ്ഥ എന്റേതുതന്നെയെന്ന സത്യം ഞാന്‍ മനസിലാക്കി. ഇല്ല എങ്ങനെയെങ്കിലും ഇതിന്റെ പിന്നിലെ രഹസ്യം കണ്ടുപിടിച്ചിട്ടെ എനിക്കിനി വിശ്രമമുള്ളു, പല കുറ്റാന്വേഷണ സിനിമകളിലേയും രംഗങ്ങള്‍ എന്റെ മനസിലൂടെ കടന്നുപോയി. അവസാനം സ്ഥലത്തെ തലമൂത്ത പയ്യന്‍സില്‍നിന്ന് ഞാന്‍ സത്യം മനസിലാക്കി. ശരിക്കും ബാറിന്റെ പേരു മറ്റെന്തൊ ആണ്‌, പേരവിടെ കാഞ്ചിയിലാണ്‌ എഴുതിവച്ചിരുന്നതു, പണ്ടെങ്ങോ അടിച്ചു പാമ്പായ ഏതോ ഒരു പൂര്‍വ്വകാല കുടിയന്‍ ബാറിന്റെ പേരിനോടു ചേര്‍ത്ത്‌ വരച്ചു വച്ചിട്ടുള്ള പൂച്ചയുടെ രേഖാചിത്രം നൊക്കി ഇങ്ങനെ പ്രസ്താവിച്ചു

"ഇനി മുതല്‍ ഈ ബാര്‍ പൂച്ച ബാറെന്നറിയപ്പെടും!!"

അങ്ങനെ ജാപ്പനീസില്‍ അടിസ്ഥാന വിദ്യാഭ്യസം പോലും ഇല്ലാതിരുന്ന ആ മഹാനായ കുടിയന്റെ വാക്കുകള്‍, അവസരം കിട്ടിയാലും ഇല്ലെങ്കിലും മനപ്പൂര്‍വ്വം അവസരങ്ങളുണ്ടാക്കി അവിടെപ്പോയി ഒപ്പു വച്ചിരുന്ന പാവപ്പെട്ട സഹകുടിയന്മാരുടെ ഇടയില്‍ അദ്ദേഹത്തിനൊരു ഒരു നായകപരിവേഷം നേടിക്കൊടുത്തു. അങ്ങനെ പട്ടാമ്പി റെയില്‍വെ സ്റ്റേഷന്‍ ഉണ്ടായി എന്നു പറയുന്നതുപോലെ പൂച്ച ബാറും ഉണ്ടായി.

പലപ്പോലും പൂച്ചയിലെ പല രംഗങ്ങളും, ആക്ഷനും കോമഡിയും പ്രേമവും ഗാനരംഗങ്ങളും നിറഞ്ഞൊരു പക്കാ ഇന്ത്യന്‍ സിനിമയെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ഒരു ഒന്നര അകത്തുകയറിയാല്‍ പിന്നെ പലരും പല പല കഥാപാത്രങ്ങളായി രൂപം പ്രാപിക്കും. ചിലര്‍ക്കു പാട്ടു പാടണം, ചിലര്‍ക്കു അമ്മയെ കാണണം ചിലര്‍ക്കു വീട്ടില്‍ പോകണം, ചിലര്‍ക്കു കല്ല്യാണം കഴിക്കണം അങ്ങനെ പലതരത്തിലാണു പലരുടെയും ആവശ്യങ്ങള്‍.

ഒരു ദിവസം പൂച്ചയിലെ പതിവു സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്‌. എന്നത്തെയും പോലെ ഞങ്ങള്‍ അന്താക്ഷരി കളി തുടങ്ങി. കള്ളുകുടിക്കിടയിലെ ഈ അന്താക്ഷരി വന്‍വിജയമാണെന്ന സത്യം ഞങ്ങള്‍ നേരത്തേ മനസിലാക്കിയിരുന്നു. പ്രത്യേകിച്ചു നിയമങ്ങളോ ജയപരാജയങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല ഈ അന്താക്ഷരിക്ക്‌, ചുമ്മ റ്റേണ്‍ അനുസരിച്ചു പാട്ടു പടുക എല്ലാവരും ഏറ്റു പാടും അത്രമാത്രം. അങ്ങനെ അവസാനം കൊട്ടിക്കലാശം എത്തി അന്താക്ഷരി പതിയെ പൂരപ്പാട്ടിലേക്കു മാറി. പൂരപ്പട്ടിന്റെ താളത്തില്‍ രസം പിടിച്ച ചില ജപ്പാന്‍കാരും ഞങ്ങളുടെ കൂടെക്കൂടി കൈകൊട്ടിതുടങ്ങി. ആവേശംമൂത്ത ഒരു ജപ്പാന്‍കാരനു പാട്ടിന്റെ അര്‍ഥമറിയണം, അതെങ്ങാനുമറിഞ്ഞാലുള്ള നറ്റക്കേസോര്‍ത്ത്‌ ഒരുവിധത്തിലങ്ങേരെ ഞങ്ങള്‍ ഒതുക്കിവിട്ടു. പിന്നെ ഞങ്ങളുടെ പാട്ടിനെക്കുറിച്ച്‌ അഭിനന്ദനങ്ങളുടെ ഒരു പ്രവാഹമായിരുന്നു. ജപ്പാന്‍കാര്‍ ഇന്ത്യയുടെ സംസ്കാരത്തെ പറ്റിയും കലാ വൈവിദ്യങ്ങളെപറ്റിയും വായ്തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.

പൂരപ്പാട്ടിലൂടെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മനിര്‍വൃതിയോടെ ഞങ്ങളന്നു പൂച്ചയുടെ പടിയിറങ്ങി. നാസുവിലെ മലയാളികളുടെ കലാക്ഷേത്രമെന്ന കീര്‍ത്തിക്ക്‌ യതൊരു കോട്ടവും തട്ടാതെ പൂച്ച ഇപ്പൊളും തലയുയര്‍ത്തി നില്‍ക്കുന്നു.

1 Comments:

Blogger പിആര്‍വിഎന്‍ | PRVN said...

നാസുവിലെ കുടിയന്മാരായ മലയാളികളുടെ ആസ്ഥാന ബാറും കലാക്ഷേത്രവുമെല്ലമാണ്‌ പൂച്ച ബാര്‍. പൂച്ചയില്‍ പോകാന്‍ കള്ളുകുടിക്കണം എന്നതൊരു മാനദണ്ഡമായിരുന്നില്ല

പൂച്ച ബാറും പിന്നെ പൂരപ്പാട്ടും!! എന്റെ പുതിയ പോസ്റ്റ്.

സ്വന്തം പീലു...

5:02 AM, October 03, 2006  

Post a Comment

<< Home