Friday, November 17, 2006

ഒരു പൂഴ്ത്തിവെപ്പിന്റെ കഥ...

ടെക്നിക്കല്‍ ഹൈസ്കൂളിലെ പഠനകാലം, പ്രൈമറി ക്ലാസുകളിലെ തരികിട സെറ്റപ്പൊന്നും ഇവിടെ ചിലവാകില്ലെന്ന സത്യം എട്ടാം ക്ലാസിലെത്തിയപ്പോള്‍ തന്നെ ഞാന്‍ മനസിലാക്കി. രണ്ടു കൊല്ലം കഴിഞ്ഞാല്‍ പത്താം ക്ലാസിലാണെന്നും ഇപ്പോളേ പഠിച്ചില്ലെങ്കില്‍ നിന്റെ കട്ടേം പടോം മടങ്ങുമെന്നും മാര്‍ക്കു കുറഞ്ഞാല്‍ നിന്നെ കല്‍പ്പണിക്കു പറഞ്ഞയക്കുമെന്നുമൊക്കെയുള്ള ഭീഷണികള്‍ ദിനം പ്രതി എന്റെ നേര്‍ക്കുയര്‍ന്നു. ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുമ്പേ എന്നു കേട്ടിട്ടുണ്ട്‌ എന്നാലും എട്ടില്‍ പഠിക്കുന്ന എന്നോട്‌ പത്തിന്റെ കാര്യം പറയണ്ട വല്ല കാര്യവുമുണ്ടോ. കാര്‍ന്നമ്മാരല്ലേ അവര്‍ക്ക്‌ അടുപ്പിലും കാര്യം സാധിക്കാമല്ലോ!!

ഓണപ്പരീക്ഷ കഴിഞ്ഞതോടെ എന്റെ ആപ്പീസു പൂട്ടിക്കാനുള്ളതെല്ലാം ഉത്തരകടലാസിന്റെ രൂപത്തില്‍ പുറത്തിറങ്ങി. അച്ഛനും അമ്മയും പലവിധ സമരമുറകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എന്നില്‍ പ്രയോഗിച്ചു. ആംഗലേയത്തില്‍ പണ്ടേ പുലിയായിരുന്ന(കഴുതപ്പുലിയെന്നും പറയാം) ഞാന്‍ ഇത്തവണ പുപ്പുലിയായി. തോറ്റു തോറ്റില്ലെന്നപോലെ കൊഴിപ്പേന്റണ്ടിയുടെ വ്യത്യാസത്തിലാണ്‌ രക്ഷപ്പെട്ട്‌ പോന്നത്‌.

ഇതിനൊരു പരിഹാരം ഉണ്ടാക്കിയേ പറ്റൂ. അല്ലെങ്കില്‍ ഇങ്ങനെ പോയാല്‍ മാനസികവും ശാരീരികവുമായ പീഡനങ്ങല്‍ ഏറ്റുവാങ്ങാന്‍ മാത്രമായിരിക്കും എന്റെ വിധി. കൂലംങ്കഷമായ ചിന്തകള്‍ക്കൊടുവില്‍ ചില വിഷയങ്ങല്‍ക്കൊക്കെ തരക്കേടില്ലത്ത മാര്‍ക്കുണ്ടെന്ന യാഥാര്‍ത്യം ഞാന്‍ മനസിലാക്കി. ഒരു കിലോ തക്കാളി വാങ്ങുമ്പോള്‍ രണ്ടെണ്ണം ചീഞ്ഞതായാലും ചിലപ്പോള്‍ നമ്മളങ്ങു സഹിക്കാറുണ്ടല്ലൊ. ഞാനും ഈ വിദ്യ തന്നെ പരീക്ഷിക്കാന്‍ തിരുമാനിച്ചു.

പക്ഷെ എങ്ങനെ!! പൂഴ്ത്തിവെക്കേണ്ടിവരും അല്ലാതെ വേറെ മാര്‍ഗമില്ല. അങ്ങനെ ഞാനും ആ ചെറുപ്രായത്തില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഒരു പൂഴ്ത്തിവെപ്പുകാരനായി. അരക്കൊല്ലപ്പരീക്ഷ വന്നു ഇപ്പ്രാവിശ്യം രക്ഷപ്പെടണമെങ്കില്‍ 'ഓപ്പറേഷന്‍ പൂഴ്ത്തിവെപ്പ്‌' നടപ്പിലാക്കാതെ വെരെ വഴിയില്ല. രണ്ടു നല്ല തക്കാളിയുടെ കൂടെ ഒരു ചീഞ്ഞ തക്കാളിയിട്ടുള്ള എന്റെ ആദ്യ പരീക്ഷണം വലിയ ഓളങ്ങളൊന്നുമുണ്ടാക്കാതെ പാസ്സായി.

പുസ്തകത്തിന്റെ ചട്ടക്കുള്ളിലും പത്രക്കെട്ടിനടിയിലുമായിരുന്നു സാധാരണ ഒളിസങ്കേതങ്ങള്‍. പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട്‌ അവസാനം ചീഞ്ഞ തക്കാളികള്‍ കുമിഞ്ഞുകൂടി. സമീപവാസികളായ സമപ്രായക്കാര്‍ക്കെല്ലാം പരീക്ഷപ്പേപ്പര്‍ കിട്ടിയിട്ടും എന്റെ നാലഞ്ചു പേപ്പറുകള്‍ പെന്റിങ്ങാണെന്ന കാര്യം അമ്മയുടെ ശ്രദ്ധയിലും പെട്ടു. പല പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞൊഴിഞ്ഞെങ്കിലും, എന്റെ അവസ്ത ദുരവസ്തയിലേക്കും അവിടെനിന്നു തൃശങ്കുവിലേക്കുമുള്ള പ്രയാണം തുടങ്ങിയിരുന്നു.

ഒരു ദിവസം ഞാന്‍ പച്ചക്കറി വാങ്ങാന്‍ കടയില്‍ പോയ നേരത്താണ്‌ സഹപാഠി സന്ദീപിന്റെ വരവ്‌. സത്യത്തില്‍ ലവനാസമയത്ത്‌ വരേണ്ട യതൊരു കാര്യവുമില്ല. പച്ചക്കറി വങ്ങാന്‍ പോയ എന്നെ പച്ചത്തെറി കേള്‍പ്പിക്കാന്‍ വേണ്ടി മാത്രം അല്ലതെന്തിനാ!! ഞാന്‍ തിരിച്ചു വന്നപ്പോളേക്കും ആ സാമദ്രോഹി എന്റെ മാനം വിറ്റു കാശാക്കിയിരുന്നു.

പിന്നെ എല്ലാം യാന്ത്രികമായിരുന്നു. കള്ളനെക്കൊണ്ട്‌ തൊണ്ടി മാന്തിക്കുന്നതുപോലെ പരീക്ഷപ്പേപ്പറുകള്‍ ഒരോന്നായി ഞാന്‍ പുറത്തെടുഠു, അല്ല എന്നെക്കൊണ്ടെടുപ്പിച്ചു എന്നു പറയുനാതാകും കൂടുതല്‍ ശരി. സന്ദീപ്‌ തിരിച്ചു പോകുന്നതു വരെ തികച്ചും ശാന്തമായിരുന്ന അന്തരീക്ഷം പെട്ടന്നു കലുഷിതമായി. പിന്നെ സീസറിനുള്ളത്‌ സീസറിനും എനിക്കുള്ളതു മൊത്തമായിട്ടെനിക്കും കിട്ടി ബോധിച്ചു.


Wednesday, November 01, 2006

ശശിയണ്ണനും ചില ദുരൂഹതകളും...

ഞങ്ങളുടെ ബാച്ചിലര്‍ ലൈഫിലെ നാലാമത്തെ വാടക വീടിന്റെ അയല്‍ക്കാരനായിരുന്നു ശശിയണ്ണന്‍. നീര്‍ക്കോലി മാര്‍ക്കം കൂടി മനുഷ്യനായതു പോലൊരു രൂപവും വിവരവിദ്യാഭ്യാസ മേഖലകളില്‍ സാക്ഷരകേരളത്തിനൊരു അപമാനവുമായിരുന്നു ഈ ശശിയണ്ണന്‍.

താമസം തുടങ്ങിയ ആദ്യദിവസം മുതല്‍ തുടങ്ങിയ ഞങ്ങളുടെ ആഘോഷങ്ങളും, പിന്നെ ചില "കലാപരിപാടികളും" അയല്‍വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ശശിയണ്ണന്‌ തീരെ പിടിച്ചില്ല. ഒന്നര അകത്ത്‌ കയറിയാല്‍ മാത്രം തന്നിലെ പുലിയെ തിരിച്ചറിഞ്ഞിരുന്ന ശശിയണ്ണന്റെ ആത്മധൈര്യം പലപ്പോഴും ഞങ്ങളൊടിതു ചോദിക്കുന്നതില്‍നിന്നയാളെ വിലക്കിയിരുന്നു.

ഒരു ശനിയാഴ്ച വൈകുന്നേരം, പതിവ്‌ ഈവനിംഗ്‌ മൗത്ത്‌ ലുക്കിങ്ങിനിറങ്ങിയതായിരുന്നു ഞങ്ങള്‍, അപ്പൊ നമ്മുടെ ശശിയണ്ണന്‍ എതിറെ വരുന്നുണ്ട്‌. എന്തോ പറഞ്ഞു ഞങ്ങളൊന്നു ചിരിച്ചു, നല്ല ഫോമിലായിരുന്നു ഞങ്ങളുടെ അയല്‍ക്കാരന്‌ അതു അയാളെ കളിയാക്കിയതായണ്‌ തോന്നിയത്‌. അന്നു തുടങ്ങി ഞങ്ങളുടെ കഷ്ടകാലം!!

കള്ളും കഞ്ചാവുമൊക്കെയടിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി മുന്നില്‍ തെളിഞ്ഞു വരുമെന്നു പറഞ്ഞപോലെ, വെള്ളമടിച്ചുകഴിഞ്ഞാല്‍ പിന്നെ ശശിയണ്ണനു ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയാണ്‌ തെളിഞ്ഞുവന്നിരുന്നത്‌. മലയാള ഭാഷയിലെ തെക്കന്‌ ശാഖയായ "തെരന്തോരം ഫാഷ" യിലെ ചില അമൂല്യമായ രത്നങ്ങളും മുത്തുകളും പലപ്പോഴും ശശിയണ്ണന്റെ വായില്‍നിന്ന്‌ അനര്‍ഘനിര്‍ഗളം പ്രവഹിച്ചിരുന്നു.

ഓരൊ ദിവസവും അലമ്പുണ്ടക്കാന്‍ ഓരോരൊ കാരണങ്ങല്‍ കണ്ടുപിടിക്കുന്നതിലും, അതിലെല്ലാം വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിലും ശശിയണ്ണന്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ജാസി ഗിഫ്റ്റ്‌ തരംഗം ആഞ്ഞടിച്ചിരുന്ന കാലം, ഈ തരംഗത്തില്‍ പെട്ടിട്ടൊ എന്തോ എന്റെ ഒരു സഹവീടനും സാരമായ പരിക്കുപറ്റിയിരുന്നു. കുളിമുറിയി കയറിയാലുടന്‍ ഗാനാലാപനത്തിന്റെ അസ്കിതയുള്ള ഈ ചങ്ങാതി, ലജ്ജാവതിയും അന്നക്കിളിയുമെല്ലം തന്റെ മധുര ശബ്ദത്തില്‍ ഉറക്കെ പാടിയിരുന്നു. പക്ഷെ ഇതിനെ ശശിയണ്ണന്‍ അങ്ങേരുടെ വീട്ടിലുള്ള ഒമ്പതാം ക്ലാസുകാരിക്കിട്ടൊരു 440 KV ലൈന്‍ വലിക്കാനുള്ള ശ്രമമായാണ്‌ വിലയിരുത്തിയത്‌. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു പെങ്കൊച്ചിന്റെ വായ്‌നോക്കിയെന്ന ആരോപണം പോട്ടെന്നു വെക്കാം, എന്നാലും അണ്ണാറന്‍ ചപ്പിയതു പോലിരിക്കുന്ന ആ പശുമോറിയെ ഐശ്വര്യ റായിയെ വാങ്ങിത്തരാമെന്നു പറഞ്ഞാലും ആരും തിരിഞ്ഞു നോക്കില്ലന്നെങ്കിലും അങ്ങേരു മനസിലാക്കേണ്ടതായിരുന്നു.

ഇത്രയും നാളും ഒരു കള്ളുകുടിയനോടുള്ള സഹതാപത്തോടെ പെരുമാറിയിരുന്ന ഞങ്ങള്‍ ഒരു ദിവസം പ്രതികരിച്ചു. ഇത്തരത്തിലുള്ളൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നിട്ടില്ലാത്ത ശശിയണ്ണന്‍ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു. പക്ഷെ അതു വെറും തുടക്കം മാത്രമായിരുന്നു, പിറ്റേന്നു വൈകുന്നെറം ശശിയണ്ണന്റെ മസില്‍ പവര്‍ ഞങ്ങളറിഞ്ഞു, ഒരു കൂട്ടം ആള്‍ക്കാരും ഒരുപാട്‌ ഭീഷണികളും. എന്തിനേറെ പറയുന്നു ഞങ്ങള്‍ക്കുള്ളത്‌ ഞങ്ങള്‍ക്കും സീസറിനുള്ളത്‌ സീസറിനും എന്നു കരുതി ഞങ്ങള്‍ സമാധാനിച്ചു.

ശബരിമലക്കു പോകാന്‍ മാലയിട്ടിരുന്ന ഞാന്‍ മാത്രം ശശിയണ്ണന്റെ ആക്രമണത്തില്‍ നിന്നു ഭാഗികമായി രക്ഷപ്പെട്ടിരുന്നു, സ്വാമിയേ ശരണമയ്യപ്പ. സംഘര്‍ഷാവസ്ഥയുടെ പാരമ്യത്തില്‍ കൂടും കുടുക്കയും പൊട്ടിച്ച്‌ ഞങ്ങള്‍ അഞ്ചാം കൂടുതേടിപ്പോയി. നല്ല അടിപൊളി ഏരിയ ആണ്‌ ആള്‍ക്കാരൊക്കെ നല്ലവരാണ്‌ വാടകയും കുറവാണ്‌ എന്നൊക്കെ പറഞ്ഞു പറ്റിച്ച്‌ ഞങ്ങളെക്കൊണ്ട്‌ വീടെടുപ്പിച്ച ബ്രോക്കര്‌ പുഷ്പന്‌ നന്ദി.