Tuesday, January 16, 2007

ലോറന്‍സേട്ടനെ കുടുക്കിയ ATM !!

പുതിയ പഞ്ചായത്ത്‌ റോഡിന്റെ കണ്‍വീനര്‍ സ്ഥാനം കിട്ടിയതില്‍പ്പിന്നെ സ്വതവേ പൊക്കിത്തരത്തിന്റെ ആശാനായ ലോറന്‍സേട്ടന്റെ ജാട താങ്കമുടിയതായി. ഇങ്ങനെയൊരു പഞ്ചായത്ത്‌ റോഡ്‌ വരേണ്ടത്‌ അരേക്കാളുമുപരി ലോറന്‍സേട്ടന്റെ ആവശ്യമാണ്‌. അതിനുകാരണമായി നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്‌, ലോറന്‍സേട്ടന്റെ ഇളയ മൊള്‌ റഹേലിന്റെ കല്യാണവും നാലുചക്രവാഹനം കേറിവരാന്‍ സൗകര്യമുള്ള വീട്ടിലെ കുട്ടിയുടെ വിവാഹമാര്‍ക്കറ്റ്‌ വാല്യുവും ആണ്‌ പ്രധാനമായി ആരോപിക്കപ്പെട്ടിരുന്നത്‌. അസൂയാലുക്കളുടെ വിലകുറഞ്ഞ അഭിപ്രായങ്ങളെന്നും എന്തിനേയും എതിര്‍ക്കുന്ന പിന്തിരിപ്പന്‍ മൂരാച്ചി രാഷ്ട്രീയപൊറാട്ടുനാടകമായും വിലയിരുത്തി എല്ലാ ആരോപണങ്ങളും നമ്മുടെ ലോറന്‍സേട്ടന്‍ നിഷേധിച്ചു.

ഇങ്ങനെയൊക്കെയാണ്‌ കാര്യങ്ങളെങ്കിലും വിഴിഞ്ഞം തുറമുഖം വരും വരും എന്നു പറയുന്നതുപോലെ കൊറേ നാളുകളായി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ സ്ഥിരം ഐറ്റമായും നാട്ടുകാരുടെ സ്വപ്നമായും ഈ പറഞ്ഞ പഞ്ചായത്ത്‌ റോഡ്‌ സ്വൈര്യവിഹാരം നടത്തിവരികയാണ്‌. ലോറന്‍സേട്ടനെ സംബന്ധിച്ചിടത്തോളം രണ്ടുകാര്യങ്ങളാണ്‌ പ്രധാനം ഒന്നു മാടവന ഷാപ്പിലേക്കുള്ള ദൂരം മൂന്നിലൊന്നായി ചുരുങ്ങുമെന്നതും രണ്ടാമതായി ഇഷ്ടന്റെ പറ്റുപിടി മേരിക്കുട്ട്യേടത്തിയുടെ വീട്ടിലേക്കൊരു ഷോട്ട്‌കട്ടും. 8-ാ‍ം വാര്‍ഡിന്റെ ആസ്ഥാന കാസിനോയും ലോറന്‍സേട്ടനും വെരെ ചില ഹൈ-സൊസൈറ്റി മെംബെര്‍മാരും കൂടി പന്നി മലത്തുന്ന മുരുക്കുംപാടത്തേക്കു പോലീസ്‌ ജീപ്പ്പിനു ഡയറക്റ്റ്‌ എന്‍ട്രി സാധ്യമാകും എന്നതുമാത്രമാണ്‌ നമ്മുടെ കണ്‍വീനറെ അലട്ടുന്ന ഏക പ്രശ്നം.

എറിയാട്‌ പഞ്ചായത്ത്‌ 8-ാ‍ം വാര്‍ഡിലെ ഒരെയൊരു എക്സ്‌-ഗള്‍ഫുകാരനും വംശനാശഭീഷനിനേരിടുന്ന അപൂര്‍വ്വം പുത്തന്‍പണക്കാരില്‍ ഒരാളുമായ നമ്മുടെ ലോറന്‍സേട്ടനങ്ങനെ സര്‍വ്വസമ്മതനായി നിലകൊള്ളുകയാണ്‌. പണ്ട്‌ ഇങ്ങേര്‌ ഗള്‍ഫിലായിരുന്നപ്പോള്‍ അറബിയുടെ മാനേജറാണെന്നായിരുന്നു നാട്ടില്‍ പറഞ്ഞിരുന്നത്‌. പിന്നീട്‌ ചില ഇന്റെലിജെന്‍സ്‌ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അറബിയുടെ വീട്ടുജോലിയാണെന്ന സത്യം നാട്ടില്‍ പാട്ടായി. പത്തുകൊല്ലത്തെ കഠിനാധ്വാനത്തിനു ശേഷം ഒരു കണ്ടെയിനര്‍ സാധനങ്ങളും ഒരു പെട്ടി കാശും കൊണ്ടാണത്രെ ലോറന്‍സേട്ടന്‍ ലാന്റ്‌ ചെയ്തത്‌. കൊണ്ടുവന്ന് ഐറ്റംസില്‍ അറബി പല്ലുകുത്തിയിരുന്ന കോലു മുതല്‍ പുറം ചൊറിയാനുള്ള ബ്രഷ്‌ വരെ ഉണ്ടായിരുന്നെന്നും അതില്‍ പലതും അറബിയുടെ വീട്ടില്‍ നിന്നു അടിച്ചുമാറ്റിയതാണെന്നുമാണ്‌ ജനസംസാരം. അറബി പോലീസില്‍ വഞ്ചനാകുറ്റത്തിന്‌ കേസ്‌ കൊടുത്തെന്നും ഇനി ഗല്‍ഫില്‍ തിരിച്ചു ചെന്നാല്‍ തലവെട്ടുമെന്നും വെറൊരു കഥ കൂടിയുണ്ട്‌ ഇദ്ദേഹത്തിന്റെ പേരില്‍.

നിരവധി ദുഷ്‌പ്രചരണങ്ങളില്‍ മാനഹാനി നേരിട്ടു കൊണ്ടിരിന്ന സമയത്ത്‌ ധനനഷ്ടത്തില്‍ നിന്നൊരു മോചനമായി സ്ഥലം വികാരി പോളച്ഛന്റെ നിര്‍ദേശപ്രകാരം നമ്മുടെ ലോറന്‍സേട്ടന്‍ ഉണ്ടായിരുന്ന കാശെല്ലം കൊണ്ടുപോയി സഭയുടെ സ്വന്തം പേരിലുള്ള ബാങ്കില്‍ നിക്ഷേപിച്ചു. അങ്ങനെ ലോറന്‍സേട്ടന്‍ 8-ാ‍ം വാര്‍ഡിലെ ആദ്യത്തെ ബാങ്ക്‌ അക്കൗണ്ടിനുടമ എന്ന നിലയില്‍ ചരിത്രത്താളുകളില്‍ എഴുതപ്പെട്ടു. കഷ്ടകാലം വരുമ്പോള്‍ കുടുംബമടച്ചു വരും എന്നു പറഞ്ഞപോലെ നാട്ടുകാരുടെ മുഴുവന്‍ ബാങ്കിടപാടുകള്‍ക്കും സാക്ഷിയാകേണ്ട ഗതികേടും സൗജന്യമായി ഇദ്ദേഹത്തെ തേടിയെത്തി.

എന്തിനേറെ പറയുന്നു, പഞ്ചായതു റോഡ്‌ ഫണ്ടും അങ്ങനെ ലോറന്‍സേട്ടന്റെ അക്കൗണ്ടില്‍ തന്നെ വന്നു. നമ്മുടെ സഭക്കാരുടെ ബാങ്കിന്റെ ഒരു പ്രത്യേകത എന്തെന്നല്‍ കൊച്ചിയില്‍ ഒരു ATM ഉണ്ടെങ്കില്‍ പിന്നെ അടുത്തത്‌ കൊല്ലത്താണ്‌. അങ്ങനെ നാളത്തെ പഞ്ചായത്തു റോഡ്‌ കമ്മറ്റി മീറ്റിംഗ്‌ പ്രമാണിച്ച്‌ കുറച്ചു കാശു പിന്‍വലിക്കാനെന്ന ഉദ്യേശത്തോടെ നമ്മുടെ കഥാനായകന്‍ ATM-ലേക്കു വരുകയാണ്‌. അപ്പൊളുണ്ടെടാ ATM-ല്‍ പൈസ തീര്‍ന്നിരിക്കുന്നു, ഇനി നാളയെ ബാങ്കുകാര്‌ പൈസ ലോഡ്‌ ചെയ്യൂ. ചുരുക്കിപ്പറഞ്ഞാല്‍ വാതിലില്‍ മുട്ടിയപ്പോല്‍ കൂട്ടതന്തക്കു വിളിച്ചതും പോരാഞ്ഞ്‌ പട്ടിയെം അഴിച്ചു വിട്ടു എന്നു പറഞ്ഞ പോലെയായി. ഷാപ്പില്‍ കൊടുക്കാന്‍ കാശുവേണം ചീട്ടുകളിക്കാന്‍ കാശുവേണം ഒന്നുമ്പോരഞ്ഞ്‌ ചയേം വടേം ഇല്ലാത്ത കമ്മറ്റി മീറ്റിംഗിനെ പറ്റി ആലോചിക്കാന്‍ പോലും പറ്റുന്നില്ല. എല്ലാത്തിനും വേണം കാശ്‌ മുടിഞ്ഞ ATM-ല്‍ ആണെങ്കില്‍ പൈസേം ഇല്ല.

അങ്ങനെ എല്ലാം കൊണ്ടും കുരുപൊട്ടിയിരിക്കുന്ന സമയത്താനു ലോറന്‍സേട്ടന്റെ തലയില്‍ ആ ബുദ്ധി ഉദിച്ചത്‌. എന്തുകൊണ്ടു വെറെ ഒരു ATM-ല്‍ നിന്നു പൈസ എടുത്തൂട, കുറച്ചു പൈസ പൊയാലും വേണ്ടില്ല അതുതന്നെ രക്ഷ. അങ്ങനെ ഏറ്റവും അടുത്തുല്ല സ്റ്റേറ്റ്‌ ബാങ്ക്‌ ATM-ലെക്കു പോകാന്‍ തിരുമാനിച്ചു. അങ്ങനെ ATMല്‍ എത്തിയപ്പോളുണ്ടെടാ വാതില്‍ തുറന്നു തരാന്‍ ഒരു കാവല്‍ക്കാരന്‍ പോലും ഇല്ല, മാറ്റേ സ്ഥലത്തായിരുന്നെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വീകരണമായിരുന്നു കേറുമ്പോളും ഇറങ്ങുമ്പോളും വരെ വാതില്‍ തുറന്നുതരാന്‍ വരെ ആളുണ്ട്‌!!

ATM ആണത്രെ ATM എന്ന പുച്ചഭാവത്തോടെ വാതിലില്‍ ഒന്നും തള്ളി നോക്കി... ഇല്ല തുറക്കുന്നില്ല
പിന്നെ ഒന്നു വലിച്ചു നോക്കി... ഇല്ല എന്നിട്ടും രക്ഷയില്ല.

പിന്നെയവിടെ ഉന്തിന്റേം തള്ളിന്റേം ഒരു ബഹളമായിരുന്നു, ലോറന്‍സേട്ടന്റെ കിരീടത്തില്‍ തോല്‍വിയുടെ മറ്റൊരു പൊന്‍തൂവല്‍ കൂടി. പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ടു കാര്‍ഡിട്ടല്‍ തുരക്കുന്ന ATM ഉണ്ടെന്നു അതൊന്നു പരീക്ഷിക്കന്‍ തന്നെ തിരുമാനിച്ചു നമ്മുടെ ലോറന്‍സേട്ടന്‍. ആ ഡോറിലും പരിസരപ്രദേശങ്ങളിലും കണ്ട എല്ലാ ഗ്യാപ്പുകളിലും കക്ഷി കാര്‍ഡ്‌ നിക്ഷേപം നടത്തി. അവസാനം എങ്ങനെയോ എപ്പോളോ വാതില്‍ തുറക്കപ്പെട്ടു.

നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തുടച്ചുകൊണ്ട്‌ ലോറന്‍സേട്ടന്‍ അകത്തേക്കുകയറി. ശീതീകരിച്ച മുറിയില്‍ ആത്മനിര്‍വൃതിയോടെ തന്റെ കഠിനാധ്വാനത്തിനു മുന്നില്‍ തുറക്കപ്പെട്ട വാതിലിനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട്‌ പൈസയെടുത്തു, അപ്പോള്‍ മാടവന ഷാപ്പ്‌! ചീട്ടുകളി! കമ്മിറ്റി മീറ്റിംഗ്‌! തുടങ്ങിയ ചിത്രങ്ങല്‍ എപ്പിസോഡ്‌ എപ്പിസോഡായി തെളിഞ്ഞുവന്നു. എല്ലാം കഴിഞ്ഞു വാതില്‍ തുറക്കാനായി തള്ളിയതും... ഇല്ല തുറക്കുന്നില്ല... ഈശ്വരാ കുടുങ്ങിയോ. പിന്നെ അവിടെ ലോറന്‍സേട്ടന്‍ കാണിക്കത്ത അക്രമങ്ങളൊന്നുമില്ല, എന്തിനേറെ പറയുന്നു ഉറക്കെ ഓളിയിട്ടുവരെ നോക്കി... ആരു കേള്‍ക്കാന്‍. ഇതിനിടക്കതിലെ കാശെടുക്കാന്‍ വന്ന ആരോ ഷമകെട്ടുള്ളിലേക്കു നോക്കിയപ്പോളുണ്ടെടാ "ലോറന്‍സേട്ടന്റെ പരാക്രമങ്ങല്‍ ബാലെ" ഒന്നാം ദിവസം നടന്നുകൊണ്ടിരിക്കുകയാണ്‌. പിന്നെ ഒരുപാടു നേരത്തെ പരിസ്രമത്തിനുശേഷം ആംഗ്യഭാഷയുടെ അനന്തസാധ്യതകളുപയോഗിച്ച്‌ ഉള്ളിലുള്ള ബട്ടന്‍ അമര്‍ത്തി പുറത്തിറങ്ങുന്ന വിധം പറഞ്ഞ്‌ മനസിലാക്കിച്ചു.

അങ്ങനെ വിയര്‍ത്തുകുളിച്ച്‌ ലോറന്‍സേട്ടന്‍ പുറത്തിറങ്ങി വന്നു, അപ്പൊള്‍ അങ്ങേരെയെടുത്തു പിഴിഞ്ഞാല്‍ അരബക്കറ്റ്‌ വെള്ളം കിട്ടുമെന്നു ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ശീതികരിച്ച മുറിയില്‍ നിന്നു വിയര്‍ക്കാന്‍ ഭാഗ്യം ലഭിച്ച 8-ാ‍ം വാര്‍ഡ്‌ മെംബര്‍ എന്നനിലയിലും ലോറന്‍സേട്ടന്‍ പ്രസിദ്ധനായി.

Tuesday, January 09, 2007

വീണ്ടും... ഒരിടവേളക്കുശേഷം.

ഇപ്പൊ പഴയപോലെ അല്ല, ഓഫീസില്‍ നല്ല പണിയാണ്‌. എനിക്കാണെങ്കില്‍ പണിയെടുക്കുന്നതിനെക്കാള്‍ മടിയുള്ളൊരു കാര്യം വേറെയില്ല. പിന്നെ പട്ടിണി കിടന്നു ചാവണ്ട എന്നോര്‍ത്തുമാത്രം പണിയെടുക്കുന്നു എന്നേയുള്ളൂ. മര്യാദക്കു പണിയെടുത്തില്ലെങ്കില്‍ ചിലപ്പൊ പറഞ്ഞുവിടാനും ചാന്‍സുണ്ട്‌, അപ്പൊ പിന്നെ ലീവെടുക്കാനും പറ്റില്ല പട്ടിണി കിടക്കേണ്ടിയും വരും.

ഇതിനിടക്കാണെങ്കില്‍ ബ്ലോഗു ചെയ്യാനും സമയമില്ല. അങ്ങനെ ഈ പരിപാടി വീട്ടിലെക്കു മാറ്റി. അവിടെയാണെങ്കില്‍ അതിലും കൂടുതല്‍ പ്രശ്നങ്ങല്‍. അന്നനാളം വഴി ആമാശയത്തിലേക്കു വണ്ടിയോടണമെങ്കില്‍ സ്വന്തമായി അടുപ്പു കത്തിക്കണം.

അങ്ങനെ ഇല്ലാത്ത സമയമുണ്ടാക്കി പാതിരാ നേരത്ത്‌ എന്തെങ്കിലും ബ്ലോഗാം എന്നു വെച്ചാല്‍ അവിടേം പ്രശ്നങ്ങല്‍, ആശയദാരിദ്ര്യം സര്‍ഗവേദന മുതലായ ആവലാതികള്‍. കലാകാരന്മാരല്ലാത്തവരെ ജനം അങ്ങീകരിക്കില്ല എന്ന നഗ്നസത്യം മനസിലാക്കി ബ്ലോഗും പൂട്ടി ഒരു വാഴ നടാന്‍ ഇത്രേം ഒക്കെ മതി. ചുരുക്കിപ്പറഞ്ഞാല്‍ കാള്‍ മാര്‍ക്സിന്‌ കമ്മ്യുണിസം റ്റ്യൂഷനെടുക്കാന്‍ പോയ അച്ചുദാനന്ദന്റെ അവസ്ഥ പോലെയായി ബ്ലൊഗിംഗ്‌ തുടങ്ങിയ എന്റെയവസ്ഥയും.

അങ്ങനെ കാത്തിരുന്ന്‌ കാത്തിരുന്നു വിന്റര്‍ അവധിക്കു നാട്ടില്‍ പോകാന്‍ രണ്ടാഴ്ച ലീവുകിട്ടി. രണ്ടാഴ്ച രണ്ടു ദിവസം പോലെ പോയി. ഈ ആഴ്ച വീണ്ടും ഉദയസൂര്യന്റെ നാട്ടില്‍. ഇവിടെയാണെങ്കില്‍ മുടിഞ്ഞ തണുപ്പും, ആകപ്പാടെ ഒരാളുടെ കട്ടേം പടോം മടങ്ങാനുള്ള എല്ലാ സാഹചര്യങ്ങളുടെയും വാര്‍ഷിക സമ്മേളനം.

പകലുമുഴുവന്‍ കിടന്നുറങ്ങി, രാത്രിയുടെ ഭീകരതകൂട്ടാന്‍ വേണ്ടിമാത്രം എണീറ്റിരുന്ന്‌ ഒച്ചവെക്കുന്ന ചീവിടുകളെ മാത്രം സാക്ഷിനിര്‍ത്തി എനിക്കൊരു വെളിപാടുണ്ടായി "മോനെ പീലു നിനക്കു മാത്രമെ ബൂലോകനിവാസികള്‍ക്കു പുളിച്ച ചോറും വളിച്ച സാമ്പാറും വിളമ്പാനൊക്കു. അതുകൊണ്ട്‌ നീ തളരരുത്‌ മോനെ." കുറച്ചാള്‍ക്കാരെ ബുദ്ധിമുട്ടിക്കാന്‍ കിട്ടുന്നൊരവസരമല്ലെ പാഴാക്കേണ്ടന്ന് ഞാനും വിചാരിച്ചു. അങ്ങനെ ഞാന്‍ വീണ്ടും ബ്ലോഗിംഗ്‌ തുടങ്ങാന്‍ തിരുമാനിച്ചു. ബുഹ്‌ ഹ ഹ ഹാാ...

എല്ല ബൂലോകനിവാസികള്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍.

ഒരിടവേളക്കുശേഷം... കൂടുകല്‍ തറ നമ്പറുകളുമായി ഇനിയും ബൂലോക ബസ്സ്‌ സ്റ്റാന്റിലും പരിസരത്തുമൊക്കെയായി കണ്ടുമുട്ടാമെന്ന വിശ്വാസത്തോടെ.