Wednesday, September 27, 2006

പോക്രിത്തരം പ്രോഹിബിറ്റഡ്‌ ഏരിയ...

സമയം സന്ധ്യ കഴിഞ്ഞു, ഓഫീസില്‍ നിന്നു വന്നതെയുള്ളു. വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച നയനാനന്ദകരമായിരുന്നു. വെള്ളം സര്‍വത്രവെള്ളം, മഴവെള്ളമല്ല പൈപ്പുവെള്ളം. ചുമ്മായിരുന്നു ടിവി കാണാം എന്നു വച്ച്‌ കുറച്ചു നേരത്തെ വന്ന എനിക്കിതുതന്നെ കിട്ടണം.

ഈ മുടിഞ്ഞ കോര്‍പ്പറേഷന്‍ പൈപ്പില്‌ ആവശ്യം നേരത്ത്‌ ഒരു തുള്ളി വെള്ളം ഉണ്ടാകില്ല, കഷ്ടകാലത്തിനെങ്ങാനും പൈപ്പടക്കന്‍ മറന്നാല്‍ പിന്നെ മലവെള്ളപ്പാച്ചിലാണ്‌. ഏതോ ഒരു നല്ലവനായ സഹമുറിയന്‍ പൈപ്പടക്കാത്തതിനു ഇത്രേം വലിയ പണി തരണമായിരുന്നോ എന്റീശ്വരാ.

വരെ വരെ ഒരുത്തനും ഒരുത്തരവാധിത്തം ഇല്ലാതായി വരികയാണ്‌. ഒരു ദിവസം മുഴുവന്‍ പൈപ്പുതുറന്നിട്ടാല്‍, വാട്ടര്‍ അതോറിറ്റിക്കാരു വന്നു വീടു ജപ്തി ചെയ്യാനുള്ള ബില്ല് അടിച്ചുതരും. അതാണല്ലൊ ഇപ്പൊളത്തെ ഒരു ഫാഷന്‍. ഇന്നു വൈകുന്നേരത്തെ പൊളിപറച്ചിലിനിടയില്‍ ഈ വിഷയമൊന്നു അവതരിപ്പിച്ചു നോക്കാം, ഞാന്‍ തിരുമാനിച്ചു.

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോള്‍ സഹമുറിയന്മാരൊക്കെ കൂടണഞ്ഞു തുടങ്ങി. ഞാന്‍ വിഷയം എടുത്തിട്ടു. പന്നത്തരം കാണിച്ചലും അധികച്ചിലവ്‌ ഉണ്ടക്കിയാലും നമുക്കൊരു ചെറിയ ഫൈന്‍ അടിക്കനം അല്ലെങ്കില്‍ ഇതുപോലുള്ള പോക്രിത്തരങ്ങള്‍ ഇനിയും ആവര്‍ത്തിക്കും എന്ന തിരുമാനത്തില്‍ ചര്‍ച അവസാനിച്ചു.

പല പല ആശയങ്ങങ്ങളും ഉയര്‍ന്നു വന്നു, പക്ഷെ എല്ലവര്‍ക്കും സ്വീകാര്യമായത്‌ ഒന്നേ ഒണ്ടായിരുന്നുള്ളു. ഇനിമുതല്‍ ആരു മേല്‍പ്പടി കുറ്റങ്ങള്‍ ചെയ്താലും അവന്‍ ഒരു പൈന്റ്‌ വാങ്ങിത്തരണം.

അങ്ങനെ എല്ലാവരും കാത്തിരുന്ന ആ ദിനം വന്നു, ആദ്യത്തെ പോക്രിത്തരം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. പൊതുവെ ശാന്തസ്വഭാവക്കാരനും നിഷ്കളങ്കനുമായിരുന്ന ഷിജുവയിരുന്നു പോക്രിത്തരം പ്രോഹിബിറ്റഡ്‌ ഏരിയയിലെ ആദ്യ അപരാധി. ഓഫീസില്‍ പോകുന്നതിനു മുന്‍പുള്ള ഇസ്തിരിയിടലിനുശേഷം സ്വിച്ച്‌ ഓഫ്‌ ചെയ്യാന്‍ മറന്നതായിരുന്നു അവന്‍ ചെയ്ത കുറ്റം. ഒരു ദിവസം മുഴുവന്‍ അയേണ്‍ ബോക്സ്‌ ഓണ്‍ ചെയ്തിടുക, പ്രധമദൃഷ്ട്യ തന്നെ കുറ്റക്കാരനെന്നു ബോധ്യപ്പെട്ട അവനെ അധികച്ചിലവു എന്ന വകുപ്പില്‍ പെടുത്തി ഒരു പൈന്റിനു ശിക്ഷിച്ചു.

അങ്ങനെ പിറ്റേ ദിവസം എല്ലവരും ചെറുതടിക്കാനുള്ള സെറ്റപ്പില്‍ വന്നപ്പോളുണ്ടെടാ, പൈന്റ്‌ കുപ്പി പൊട്ടിച്ചിരിക്കുന്നു. അധികച്ചിലവു വരുത്തിയതിനു ശിക്ഷയായി ലഭിച്ച പൈന്റ്‌ കുപ്പി വേണ്ടപ്പെട്ടവരുടെ അസാനിധ്യത്തീല്‍ പൊട്ടിച്ചതും പോരാണ്ട്‌ അതില്‍ നിന്നൊരു പെഗ്ഗും എടുത്തിരിക്കുന്നു, പന്നത്തരം അല്ലെ അത്‌.

അതെ അതു തികച്ചുമൊരു പന്നത്തരമാണ്‌, പോക്രിത്തര വിരുദ്ധ നിയമത്തില്‍ രണ്ടാം വകുപ്പനുസരിച്ചു പന്നത്തരവും കാണിക്കാന്‍ പാടില്ല. അങ്ങനെ നമ്മുടെ പാവം ഷിജു വീണ്ടും കുറ്റക്കാരനായി. അധികച്ചിലവു വരുത്തിവക്കുന്നതിനെക്കാള്‍ വലിയ കുറ്റമാണല്ലൊ പന്നത്തരം കാണിക്കുക എന്നത്‌ അതുകൊണ്ടു ശിക്ഷയും കൂടും, ഒന്നുമില്ലേലും നമ്മള്‍ എത്തിക്സ്‌ വിട്ട്‌ കളിക്കാന്‍ പാടില്ലല്ലൊ. അങ്ങനെ രണ്ടു പൈന്റ്‌ അധവാ ഒരു ഫുള്ള്‌ കൂടി ശിക്ഷയായി വിധിക്കപ്പെട്ടു.

പുതിയ നിയമം ക്ലിക്ക്‌ ചെയ്തു, അധികം നിയമലംഗനങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യതായി. ഇത്തരം ശക്തമായ നിയമങ്ങളുടെ പിന്‍ബലത്തില്‍ പോക്രിത്തരം പ്രോഹിബിറ്റഡ്‌ ഏരിയയിലെ അന്തേവാസികളായി ഞങ്ങളിപ്പൊളും സസന്തോഷം കഴിയുന്നു.

Sunday, September 24, 2006

കോവാലനും രമേശനും പിന്നെ കണ്മണിയും...

കോവാലനു കണ്മണിയോടുള്ള പ്രണയം ദിനംപ്രതി കലശലായി വരികയാണ്‌. കാര്യത്തോടടുത്തപ്പോള്‍ അവന്‌റെ അപകര്‍ഷതാബോധം അവനുമുന്നില്‍ പീലിനിവര്‍ത്തിനിന്നാടി. ഈശ്വരാ ഞാന്‍ കറുത്തിട്ടാണല്ലൊ എനിക്കു ഭംഗിയില്ലല്ലൊ തുടങ്ങിയ ചിന്തകള്‍ അവനെ തകര്‍ത്തുകൊണ്ടിരുന്നു.

ഇല്ല എങ്ങനെയെങ്കിലും ഇതു കണ്മണിയോടു പറഞ്ഞേ തീരൂ അവന്‍ മനസിലുറപ്പിച്ചു പക്ഷെ എങ്ങനെ!!

രമേശന്‍, അവനു മാത്രമെ എന്നെ സഹായിക്കാന്‍ കഴിയു!! അവനാകുമ്പോള്‍ എന്റെ ശിഷ്യനല്ലെ എന്തായാലും എനിക്കിട്ടു പണിയാന്‍ ചാന്‍സില്ല.

"ടാ രമേശാ നീ എനിക്കൊരു ഉപകാരം ചെയ്യണം", കോവാലന്‍ കാര്യത്തിലേക്കു കടന്നു.

"ആശാന്‍ കാര്യം പറ ആശാനെ നമുക്കു വഴിയുണ്ടാക്കം"

"അല്ലട ഞാന്‍ ഒരു കത്തു തരാം നീ അതു നമ്മുടെ മേരിമാത കണ്മണിക്കു കൊടുക്കനം"

"അത്രെ ഉള്ളൂ", ആശാനുള്ള പ്രത്യുപകാരം ചെയ്യാന്‍ പറ്റിയ അവസരം എന്നോണം രമേശന്റെ മറുപടി വന്നു.

"ടാ നീ ഇതു ആരൊടും പറയരുതു, ഇത്ര ചെറിയ കാര്യങ്ങള്‍ക്കു നിന്റെ സഹായം തേടിയെന്നു മറ്റുള്ളോരറിഞ്ഞാല്‍ എന്റെ മാനം പോകും"

"ആശാന്‍ വിഷമിക്കണ്ടാശാനെ എല്ലാം ഞാന്‍ ശരിയാക്കിത്തരാം", എന്തോ അര്‍ഥം വെച്ചെന്നോണം രമേശന്‍ പറഞ്ഞു.

രമേശന്‍ വീട്ടിലങ്ങോട്ടുമിങ്ങോട്ടും തേരാ പാരാ നടക്കുകയാണ്‌...

"എന്താടാ നിനക്കു മൂലക്കുരു പൊട്ടിയോ", വെരുകിനെപ്പോലെ പെരകി നടന്നിരുന്ന രമേശനെ നൊക്കി അച്ചാച്ചന്‍ ചോദിച്ചു.

"ഒന്നു പോ അച്ചാച്ച എവിടെ മനുഷ്യന്‍ തീ തിന്നോണ്ടിരിക്കുകാ"

ഇല്ല ഞാന്‍ ആ കിഴങ്ങന്‍ കോവാലനെ കണ്മണിയുമായി മുട്ടിക്കില്ല...
അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ഞാന്‍ എന്റെ പൂവാല ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയോടു ചെയ്യുന്ന എറ്റവും വലിയ ചതിയായിരിക്കും. ഇതു സത്യം സത്യം സത്യം...

ഒരു കാര്യം ഉറപ്പിച്ചു കഴിഞ്ഞാല്‍ മൂന്നു പ്രാവിശ്യം സത്യം ചെയ്യണമെന്നു കോവാലനാണു അവനെ പഠിപ്പിച്ചത്‌.

ഒരുകാര്യം ചെയ്യം ഈ കത്തിനു ഞാന്‍ തന്നെ മറുപടിയെഴുതാം...
എന്തായാലും ഇതു കുറച്ചുനാളിങ്ങനെ പോകട്ടെ, ബാക്കി വരുന്നിടത്തു വച്ചുകാണാം.
അങ്ങനെ ഹംസാമായ രമേശന്‍ തന്നെ ദമയന്തിയുമായി...
ഈ കലാപരിപാടി കുറച്ചുനാള്‍ നീണ്ടു.

കണ്മണിയുടെ പ്രണയാര്‍ദ്രമായ കത്തുകള്‍ വായിച്ചു കുരുപൊട്ടിയ കോവാലന്‍ ഒരുനാള്‍ അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു...
അതികനേരം കാത്തിരിക്കേണ്ടിവന്നില്ല...
അവളുടെ വായില്‍ നിന്നു വീണ ക യും പ യും മ യുമെല്ലാം കോവാലന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു.

"ഇല്ല ഗുരുവായ തനിക്കിട്ടു ഉഡായിപ്പുകാണിച്ച ആ പന്നന്‍ രമേശനെ ഞാന്‍ ഇന്നു കൊല്ലും" കോവാലന്റെ ആത്മഗദം എട്ടു ദിക്കുകളും പൊട്ടുമാറുച്ചത്തില്‍ അലയടിച്ചു.

"എടാ പുല്ലേ നീയെനിക്കിട്ടു തന്നെ പണിതു അല്ലേടാ പരമനാറി", രമേശനെ കണ്ടതും കോവാലന്റെ പ്രതികാരം ആളിക്കത്തി.

"എടാ നിനക്കറിയോ ഇതുവരെ പ്രേമ നൈരാശ്യത്തിന്റെ പേരില്‍ കള്ളുകുടിക്കാത്തവായിരുന്നടാ ഈ കോവാലന്‍"

"ആ എന്നെ... നീ ഒരുത്തന്‍ കാരണം 4 കുപ്പി കള്ളാ പടിക്കലെ ഷാപ്പില്‍ നിന്നു മോന്തിയതു അതും കടമായിട്ട്‌"

"നിന്റെ അപ്പന്‍ കൊടുക്കുമോടാ ഞാന്‍ കുടിച്ച കള്ളിന്റെ കാശ്‌, അതുപോട്ടെ എന്റെ വിഷമം ഞാന്‍ എങ്ങനെ തീര്‍ക്കുമെടാ പറയടാ പരമനാറി പറയ്‌"

"ആശാന്‍ നിന്നു ചിലച്ചിട്ടൊന്നും കാര്യമില്ല, ആശാനാദ്യം എനിക്ക്‌ പറയാനുള്ളതുകൂടി കേള്‍ക്കണം", ഗുരു ഭക്തിഗാനത്തില്‍ തുടങ്ങിയാല്‍ പൂരപ്പാട്ടിലെ നിര്‍ത്തൂ എന്നു നല്ല ബോധ്യമുള്ള രമേശന്‍ പറഞ്ഞു.

"ഇത്രെയൊക്കെ ചെയ്തതു പോരാണ്ട്‌ എന്തു ന്യായമാണ്ടാ നിനക്കു പറയാനുള്ളതു.. പറഞ്ഞുതുലക്കെടാ"

"ഞാന്‍ ആശാന്‍ പറഞ്ഞുതന്നതില്‍ നിന്ന് ഒരു പിടി അങ്ങോട്ടൊ ഇങ്ങോട്ടൊ മാറി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലല്ലൊ, ഇനി നാളെയും അങ്ങനെ ചെയ്യില്ല", രമേശന്‍ പറഞ്ഞു.

"എന്നിട്ടു നീ ഈ കാണിച്ചതെന്താടാ വൃത്തികെട്ടവനെ", കോവാലന്‍ ഉറഞ്ഞുതുള്ളി.

"ആശാന്‍ അങ്ങനെ പറയരുത്‌... ആശാന്‍ തന്നെ അല്ലെ പറഞ്ഞിട്ടുള്ളതു നമ്മല്‍ പൂവാലന്മാര്‍ക്കു പ്രേമം എന്നൊരു വികാരം പാടില്ല എന്നു, അതാണു ആശാന്‍ എനിക്കു പറഞ്ഞുതന്ന അദ്യത്തെ പാഠം എന്നിട്ടു ആശാന്‍ തന്നെ അതു തെറ്റിച്ചാല്‍ എങ്ങനെ ശരിയാവും"

"അതുകൊണ്ടിനിക്കു വെറെ വഴിയില്ലായിരുന്നു, നമ്മള്‍ പൂവാലന്മാര്‍ക്കുമില്ലെ ആശാനെ ഒരു അന്തസൊക്കെ!!", ഒരു ഗുരുവിനു കൊടുക്കവുന്ന ഏറ്റവും നല്ല ഗുരുദക്ഷിണ തന്നെ രമേശനും കൊടുത്തു.

"എടാ മഹാപാപി, നീ എന്നാലും എന്നോടിതു ചെയ്തല്ലോ", ശിഷ്യന്റെ പ്രത്യുപകാരത്തില്‍ തകര്‍ന്നുപോയ ഗുരു വക്കുകള്‍ കിട്ടതെ ഉഴറി.

Thursday, September 21, 2006

കോവാലചരിതം ഒന്നാം ഘണ്ഡം...

നാട്ടിലെ ആസ്ഥാന പൂവാലനും കാമുകനും എല്ലാമാണു കോവാലന്‍. ശരിക്കുള്ള പേരു ഗോപീക്‌റിഷ്ണന്‍ എന്നാണെങ്കിലും, വീട്ടുകാരു ഗോപിക്കുട്ടനെന്നും കൂട്ടുകാരു കോവാലനെന്നുമാണു അവനെ വിളിച്ചിരുന്നത്‌.

കോവാലന്‌റെ ആത്മാര്‍ഥ സ്നേഹിതനും ശിഷ്യനുമൊക്കെയാണു "തള്ള്‌ രമേശന്‍". അറിയാത്തതും ഇല്ലാത്തതും ആയ കര്യങ്ങളെ പറ്റി വായ്തോരാതെ സംസാരിക്കാനുള്ള കഴിവാണ്‌ കോവാലശിഷ്യന്‍ രമേശനെ തള്ള്‌ രമേശനാക്കിയതു!! മരിക്കുന്നതിനു മുന്‍പ്‌ കോവാലനെപ്പൊലെ മഹാനായൊരു പൂവാലനവുക എന്നരൊ ജീവിതാഭിലാഷം മാത്രമെ നമ്മുടെ രമേശനുണ്ടായിരുന്നത്‌.

ചട്ടിയും കലവുമകുമ്പോള്‍ തട്ടിയും മുട്ടിയുമൊക്കെയിരിക്കുമെന്നു പറയുന്നതുപോലെ ചില സൌന്ദര്യപിണക്കങ്ങളൊക്കെ ഉണ്ടയിരുന്നെങ്കിലും കോവാലനെന്ന മരപ്പട്ടിക്ക്‌ രമേശനെന്ന ഈനാംപേച്ചിയണ്‌ എപ്പോളും കൂട്ട്‌.

കോവാലനണ്‌ നാട്ടിലെ ഫാഷന്‍ ഐകണ്‍, അക്കാര്യത്തില്‍ ഇപ്പോളും ചില തര്‍ക്കങ്ങളൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും അതൊന്നും അംഗീകരിക്കാന്‍ കോവാലന്‍ തയ്യാറായിട്ടില്ല. ശിഷ്യനായ രമേശനില്‍ നിന്നുമാത്രമാണ്‌ കോവാലനു ഒരു ചെറിയ ഭീഷണി നിലനിന്നിരുന്നതു. പക്ഷെ എന്തുകാര്യത്തിലും ഗുരുവിന്‌റെ അഭിപ്രായം കേട്ടിരുന്ന രമേശനെ അടിച്ചിരുത്താന്‍ എല്ലാവിധ ഉടായിപ്പ്‌ വേലകളും നമ്മുടെ കോവാലന്‍ ഒപ്പിച്ചിരുന്നു.

പ്രത്യേകിച്ചു ജോലിയും കൂലിയുമൊന്നുമില്ലത്ത കോവാലന്‌റെ ആകെയുള്ള വരുമാനം ഗുരുദക്ഷിണയിനത്തില്‍ രമേശന്‌റെ കയ്യില്‍നിന്നീടാക്കിയിരുന്ന ട്യൂഷന്‍ ഫീസ്‌ മാത്രമായിരുന്നു.പണ്ട്‌ കുറച്ചുനാള്‍ പുള്ളിക്കാരന്‍ സ്വര്‍ണപ്പണി പഠിക്കാന്‍ പോയിരുന്നു, അക്കാലത്ത്‌ വള വെട്ടിക്കാന്‍ വന്നൊരു ചേച്ചിയുടെ കയ്യില്‍ തൊട്ട്‌ കളി കയ്യാങ്കളി വരെയെത്തി. കോവാലന്‌റെ എല്ലാ സംരംഭങ്ങളെയും പോലെ ഒരു വലിയ സ്വര്‍ണപ്പണിക്കാരനാകാനുള്ള മോഹവും അങ്ങനെ അകാലചരമമടഞ്ഞു.

വന്യമായ സൌന്ദര്യ സങ്കല്‍പ്പത്തിനുടമയായിരുന്ന കോവാലന്‌റെ സൌന്ദര്യം ചില വന്യജീവികളെക്കള്‍ കഷ്ടമായാണ്‌ അനുമാനിക്കപ്പെട്ടിരുന്നത്‌. കാക്ക കുളിച്ചാല്‍ കൊക്കാവില്ലെന്ന്‌ പലരും ഉപദേശിച്ചെങ്കിലും, ഒരിക്കല്‍ ഞാനും ചേട്ടനെപ്പൊലെ വളരും വലുതാകും എന്ന ആത്മവിശ്വാസത്തോടെ ഫെയര്‍ & ലവ്ലി മുതല്‍ കുമ്മായം വരെ നീളുന്ന പല പരീക്ഷണങ്ങലും നമ്മുടെ കോവാലന്‍ നടത്തി. "ഇന്ത്യയുടെ ആണവ പരീക്ഷണങ്ങല്‍ വരെ വിജയം കണ്ട നിലക്ക്‌, എന്തുകൊണ്ടെന്‌റെ സൌന്ദര്യപരീക്ഷണങ്ങല്‍ വിജയിച്ചുകൂട" എന്ന കോവാലന്‌റെ നിഷ്കളങ്കമായ ചോദ്യം പലപ്പോഴും വിമര്‍ശകരുടെ വായടച്ചിരുന്നു. കഴിഞ്ഞ കൊല്ലം പള്ളിപ്പെരുന്നളിനു ഫൂട്ട്പാത്തില്‍ നിന്നു മേടിച്ച കുട്ടികൂറ പൌഡര്‍ തേച്ചു ദേഹമാസകലം നീരുവന്നൊരു ചരിത്രം കൂടി കോവാലന്‌റെ സൌന്ദര്യപരീക്ഷനങ്ങള്‍ക്കുണ്ട്‌.

ബൂലോക പൂവാലന്‍മാരില്‍ അഗ്രഗണ്യനായ അപ്പി ഹിപ്പിയുടെ കടുത ഫാനാണ്‌ നമ്മുടെ കോവാലന്‍. അപ്പി ഹിപ്പിയുടെ വിഗ്രഹങ്ങളൊന്നും കമ്പോളത്തില്‍ ലഭ്യമല്ലത്ത സാഹചര്യത്തില്‍, വിഗ്രഹാരാധനക്ക്‌ സ്കോപ്‌ നഷ്ടപ്പെട്ട നമ്മുടെ കഥാനായകന്‍ പടം വെച്ചരാധന സമ്പ്രധായമാണ്‌ സ്വീകരിച്ചത്‌. എല്ല ദിവസവും വൈകുന്നേരം തനിക്കു കിട്ടിയതും മടങ്ങിയതുമൊക്കെയായ പ്രേമലേഖനങ്ങള്‍ കൊണ്ടു തന്‌റെ എല്ലാമെല്ലാമായ അപ്പി ഹിപ്പിക്ക്‌ മാല തീര്‍ത്ത്‌ പൂജയും തേവാരവുമൊക്കെ നടത്താറുണ്ട്‌ നമ്മുടെ കോവാലന്‍.

നാലും കൂടിയ കവലയിലെ ബസ്‌ സ്റ്റോപ്പണ്‌ കോവാലന്‌റെ വിഹാരകേന്ദ്രം. അഞ്ചരക്കുല്ല മേരിമാത ബസ്‌ വരുമ്പോളാണ്‌ കോവാലന്‍ കൂടുതല്‍ കര്‍മനിരതനാകുന്നത്‌, കാരണം അതിലാണ്‌ സെന്‌റ്‌ തോമസ്‌ ട്യൂട്ടൊറിയയലിലെ പെണ്‍കൊടിമാരു വരുന്നത്‌. അക്കൂട്ടത്തിലെ കണ്‍മണിയൊടു കോവാലനൊരു പ്രത്യേക താല്‍പ്പര്യമുണ്ടെങ്കിലും എല്ലാവരുടെയും കാര്യം നൊക്കാന്‍ ഞാന്‍ മത്രമല്ലെ ഉള്ളൂ എന്ന ചിന്ത അവനെ തളര്‍ത്തി. എങ്കിലും കണ്‍മന്‍ണിയെക്കണുമ്പൊള്‍ അവനിലെ പൂവാല ഹൃദയത്തിലൊരാമ്പല്‍ പൂവിരിഞ്ഞിരുന്നു.

അങ്ങനെ നാടിന്‌റെ എല്ലാമെല്ലാമായ കോവാലന്‌റെ വീരസാഹസിക കഥകള്‍ ഒരുപാടുണ്ട്‌, അതെല്ലാം ഇനിയൊരിക്കല്‌.

Thursday, September 14, 2006

എന്‌റെ പാചക പരീക്ഷണങ്ങള്‍...

പ്രവാസി ജീവിതാരംഭത്തിലെ ഒരു മനോഹരമായ സായന്ദനം. പാചകം എന്ന കല എന്‌റെ മുന്നില്‍ ഒരു സമസ്യയായി നിലകൊണ്ടിരുന്നകാലം. കൂടെത്താമസിക്കുന്നവരുടെ അവസ്ഥയെ ദയനീയാവസ്ഥയാക്കുന്നതില്‍ പലപ്പൊഴും ഞാന്‍ വിജയം കണ്ടിരുന്നു.

"നീ എന്തോന്നാടാ ഈ ഉണ്ടാക്കി വച്ചിരിക്കുന്നതു", ഞാന്‍ വച്ച കറിയിലെ അസ്വാഭാവികത മനസിലാക്കിയിട്ടെന്നോണം സഹമുറിയന്‍ ചോദിച്ചു.

"ഓ.. അതു ചിക്കന്‍ കറിയണെടാ", ചോദ്യം തീരെ ഇഷ്ടപ്പെടതെ ഞാന്‍ മൊഴിഞ്ഞു.

"ഇതു ചിക്കന്‍ കറിയാണെന്നൊ, പിന്നെന്താടാ ഇതിനൊരു സാമ്പാര്‍ മണം"

"ചിക്കന്‍ മസാല ഉണ്ടായിരുന്നില്ല, അപ്പൊ ഞാന്‍ കുറച്ചു സമ്പാര്‍ പൊടിയെടുത്തിട്ടു"

"എന്നാ നിനക്കു കുറച്ചു കടുകും കൂടെ വറുത്തിടായിരുന്നില്ലെടാ", എന്‌റെ മറുപടി കേട്ടു കുരുപൊട്ടിയ അവന്‍ എനിക്കിട്ടു ചൊറിഞ്ഞു.

"അതിനു കടുക്‌ നീ നിന്‌റെ വീട്ടില്‍ നിന്നു കൊണ്ടു വച്ചിട്ടുണ്ടൊ?... നീ വിഷമിക്കണ്ട ഞാന്‍ കുറച്ചു പുളി പിഴിഞ്ഞൊഴിച്ചിട്ടുണ്ടു", ഞാനും വിട്ടുകൊടുത്തില്ല.

"നീ ഒരു കാര്യം ചെയ്യ്‌, നിനക്കു അതിനെ ചിക്കന്‍ കറിയെന്നു വിളിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നീ ചിക്കന്‍ സാമ്പാറെന്നു വിളിച്ചൊ", ഞാന്‍ അനുരഞ്ചനത്തിന്‌റെ പാത സ്വീകരിച്ചു.

"നീയതൊന്നു കഴിച്ചു നോക്കെടാ... അതിനു നല്ല ടേസ്റ്റ്‌ ഉണ്ട്‌", ഞാന്‍ വളരെ വിനയപൂര്‍വ്വം പറഞ്ഞു.

അവനെങ്ങാനും ഇതുപോലെ വല്ല പരീക്ഷണങ്ങളുമായി മുന്നോട്ടുവന്നാല്‍ പിന്നെ കൊട്ടത്തോക്കില്‍ നിന്ന്‌ വെടി പോകുന്നതു പൊലെയായിരിക്കും ടോയ്ലെറ്റിലെ കാര്യങ്ങള്‍ എന്നു എനിക്കുറപ്പായിരുന്നു.

"ടാ നീ പറഞ്ഞത്‌ ശരിയാ ഈ സാധനം കൊള്ളം കേട്ടൊ", ആഭ്യന്തരകലഹത്തിന്‌റെ വക്കോളമെത്തിയ പ്രശ്നം മിന്നല്‍ കണ്ടിട്ടും ഇടിവെട്ടു കേള്‍ക്കാത്ത പോലെ തൂറ്റിപ്പോയി!!

അവന്‌റെ ആ വാക്കുകള്‍ ചിക്കന്‍ സാമ്പാറിന്‌റെ ഗുണമേന്‍മക്കുള്ള ISI അംഗീകാരമായി എന്‌റെ ചെവിയില്‍ വന്നു പതിച്ചു.

Wednesday, September 13, 2006

പട്ടാള അട്ടിമറി...

എല്ലാവരും കുലംഘഷമായ ചര്‍ച്ചയിലാണ്‌.

"നമുക്കൊരു ആറ്റം ബോംബിട്ടാലൊ", ആരോ ചോദിച്ചു.
"അതുവേണ്ട, ചിലപ്പൊ നമുക്കു വല്ല പരിക്കും പറ്റാന്‍ സാധ്യതയുണ്ട്‌", ഞാന്‍ പറഞ്ഞു.

ഞങ്ങളുടെ മാനേജറെ ഒരു ബലപ്രയോഗത്തിലൂടെ പുറത്താക്കി അധികാരം കൈക്കലക്കുന്നതിന്‌റെ മാസ്റ്റര്‍ പ്ളാന്‍ മീറ്റിംഗ്‌ ആണ്‌ അവിടെ നടക്കുന്നത്‌.

ഞാനാണ്‌ പടനായകന്‍, ഒരു സേനാനായകന്‌റെ തൊപ്പി ഒക്കെ വച്ചിട്ടുണ്ട്‌. എന്നാലും എനിക്കിതിനുള്ള കഴിവൊക്കെയുണ്ടൊ, ചിലപ്പോള്‍ ഞാനൊരു സംഭവമായിരിക്കും ഞാന്‍ സമാധാനിച്ചു.

"ധീരാ ധീരാ നേതാവെ, ധീരതയോടെ നയിച്ചോളൂ, പത്തല്ല പതിനായിരമല്ല ലക്ഷം ലക്ഷം പിന്നലെ", ആ മനോഹരമായ വിപ്ളവ മുദ്രാവക്യം എന്‌റെ മനസിലേക്ക്‌ കടന്നു വന്നു.

ഞാന്‍ ചുറ്റും നോക്കി, ഒരു നാലഞ്ചുപേരെന്‌റെ മുന്നിലിരുപ്പുണ്ട്‌. കഷ്ടം, എനിക്കെന്നോടുതന്നെ ചെറിയൊരു വെറുപ്പു തോന്നി.

അവസാനം കാരമുള്ള്‌, ചാക്കുവള്ളി, ചൂലീര്‍ക്കിലി തുടങ്ങിയ മാരകായുധങ്ങളുമായി ഞങ്ങള്‍ സാറിന്‌റെ കാബിന്‍ ലക്ഷ്യമാക്കി മുന്നോട്ടുനടന്നു.

വല്ലഭനു പുല്ലും ആയുധം എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌, ഒരു പുല്‍ക്കൊടിപോലുമെടുക്കതെ നേതാവ്‌ ചമഞ്ഞ്‌ ഞാനാണ്‌ മുന്നില്‍. (അതു വല്ലഭനല്ലെ എനിക്കല്ലല്ലൊ എന്നെങ്കിലും ഞാന്‍ മനസിലാക്കേണ്ടിയിരുന്നു).

"ഊം എന്തു വേണം", ചോദിക്കതെ അകത്തുകയറിയത്‌ ഇഷ്ടപ്പെടാതെ സര്‍ ചോദിച്ചു.

"അല്ല... സര്‍... ഞങ്ങള്‍ ഇങ്ങനെ ബലപ്രയോഗം... ഈ പട്ടള അട്ടിമറി ഒക്കെ ഇല്ലെ...
അതുപോലെ... അധികാരം പിടിച്ചടക്കാന്‍ വന്നതാണ്‌", എല്ലാവരും കൂടി ഒരുവിധം പറഞ്ഞൊപ്പിച്ചു.

"പ്ഫാ, പോയിരുന്നു പണിയെടുക്കടാ", ഒരൊറ്റ ആട്ടായിരുന്നു... ഞെട്ടിത്തിരിഞ്ഞ എന്‌റെ തല കട്ടിലിന്‌റെ മൂലയില്‍ പോയിടിച്ചു.

"അയ്യോ... അമ്മേ... " എന്നുറക്കെ വിളിച്ചുകൊണ്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു.

Tuesday, September 12, 2006

ഹൈദ്രാബാദ്‌ ബിരിയാണി...

എന്നത്തെയും പോലെ ഇപ്പ്രാവിശ്യവും ഞങ്ങളുടെ PM പ്രോജക്ട്‌ തീര്‍ന്നതിന്‌റെ പാര്‍ട്ടി പ്രഖ്യാപിച്ചു. രാത്രിയെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ പണിയെടുക്കുന്നതിനു ഞങ്ങള്‍ക്കു കിട്ടുന്ന ഒരു ബോണസ്‌ അംഗീകാരമായാണ്‌ എല്ലാവരും ഈ പാര്‍ട്ടിയെ കണക്കാക്കിയിരുന്നത്‌. പതിവിനു വിപരീതമായി ഇത്തവണ ലഞ്ച്‌ നടത്താനാണു പരിപാടി. നഗരപ്രാന്തത്തിലെ സാമാന്യം തരക്കേടില്ലാത്ത ഒരു റെസ്റ്ററെന്‌റിലണു സംഭവം സെറ്റപ്പ്‌ ചെയ്തിരിക്കുന്നത്‌.

കിട്ടിയ വണ്ടി പിടിച്ച്‌ പന്ത്രണ്ടരയൊടു കൂടി ഞങ്ങള്‍ സ്പോട്ടില്‍ ഹാജരായി. പാര്‍ട്ടി ഒരുമണി മുതല്‍ മൂന്നുമണി വരെയണ്‌. എന്നിരുന്നാലും, ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കും എന്ന മനോവികാരത്തോടെ വളരെ നേരത്തെതന്നെ ഞങ്ങള്‍ ഞങ്ങളുടെ സനിധ്യം അറിയിച്ചിരുന്നു.

എല്ലാവരും നേരത്തെ എത്തിയതുകൊണ്ടു, ഒരുമണിക്കു മുന്‍പുതന്നെ ഞങ്ങള്‍ ഫംഗ്ഷനാരംഭിച്ചു.

വെയ്റ്റര്‍ വന്നു ഓര്‍ഡര്‍ എടുത്തു തുടങ്ങി, വളരെ ലൈറ്റായിമാത്രമെ കഴിക്കൂ എന്ന്‌ നെരത്തെ തിരുമാനിച്ചിരുന്നതിനാല്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണി മാത്രമെ ഓര്‍ഡര്‍ ചെയ്തുള്ളു. എല്ലാവരും ഓര്‍ഡര്‍ നല്‍കിത്തീരാറായി, അപ്പോളും ജോസഫ്‌ മാത്രം മെന്യുവിലൂടെ കണ്ണൊടിച്ചുകൊണ്ടിരിക്കുകയാണ്‌.

"സര്‍ ഇവിടെ എന്താണു വേണ്ടത്‌", വളരെ വിനയ്യപൂര്‍വം വെയ്റ്റര്‍ ചോദിച്ചു.

"എനിക്കൊരു ഹൈദ്രാബാദ്‌ ചിക്കന്‍ ബിരിയാണി", വളരെ നേരത്തെ കുലംഘിഷമായ ആലോചനക്കു ശേഷം ജോസഫ്‌ പറഞ്ഞു.

"ശരി സര്‍", ഈ പണ്ടാറം ഉലത്താനാണൊ ഇവന്‍ ഇത്ര നേരം എടുത്തതെന്ന ഭാവത്തോടെ വെയ്റ്റര്‍ പോയി.

സ്റ്റാര്‍ട്ടര്‍ ഡിഷുകളായ, ഫ്രെഞ്ചു ഫ്രൈസും ചിക്കന്‍ ഡ്രമ്പ്സും കഴിച്ചുകൊണ്ടു ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വരാനായി ഞങ്ങള്‍ കാത്തിരുന്നു.

കുറച്ചു കഴിഞ്ഞപ്പോല്‍ ഐറ്റംസ്‌ ഒരോന്നായി വന്നുകൊണ്ടിരുന്നു. എന്‌റെ ചിക്കന്‍ ബിരിയാണി വന്നു, ഞാന്‍ പോളിങ്ങും തുടങ്ങി. എല്ലാവര്‍ക്കുള്ളതും വന്നിട്ടും നമ്മുടെ ജോസഫിന്‌റെ ഓര്‍ഡര്‍ മാത്രം വന്നില്ല.

ജോസഫിന്‌റെ മുഖത്തു നിരവധി ഭാവങ്ങള്‍ മാറിമറഞ്ഞു, അതില്‍ നിരാശയും ആഗ്രഹവും ക്ഷമയില്ലായ്മയും ഒക്കെ ഉണ്ടായിരുന്നു.

അവസാനം അവന്‌റെ നമ്പറും വന്നു...

അവന്‍ ചുറ്റും നോക്കി, അവനു കിട്ടിയ ഹൈദ്രാബാദ്‌ ചിക്കന്‍ ബിരിയാണിയും എനിക്കു കിട്ടിയ ചിക്കന്‍ ബിരിയാണിയും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുന്നതില്‍ അവന്‍ പരാജയപ്പെട്ടിരുന്നു.

"വെയ്റ്റര്‍, ഇതു ശരിക്കും ഹൈദ്രാബാദ്‌ ചിക്കന്‍ ബിരിയാണി തന്നെ അല്ലെ", അവനിലെ സംശയരോഗി സടകുടഞ്ഞെഴുന്നേറ്റു.

വെയിറ്ററുടെ മുഖത്തൊരു ആക്കിയ ചിരി വിടര്‍ന്നു!!

"അല്ല സര്‍ ബിരിയണിക്കങ്ങനെ ഹൈദ്രാബാദെന്നൊ ബാംഗ്ളൂരെന്നൊ ഒന്നും ഇല്ല, എല്ലം ബിരിയാണി തന്നെ"

വെയ്റ്ററുടെ ഈ മരുപടി കേട്ടതും മാനഹാനിയും ധനനഷ്ടവും ഒരുപോലെ അഭിമുഖീകരിച്ച ഒരു ഇക്കിളി സിനിമയുടെ പ്രൊഡ്യൂസറെപ്പൊലെയായി അവന്‌റെ അവസ്ഥ...

കൂടെയുള്ളവരെല്ലാം ഒരു സൈഡില്‍ നിന്നു ചിരി തുടങ്ങി, നമ്മുടെ കഥാനായകന്‍ മാത്രം തലതാഴ്ത്തി ഒറ്റയിരുപ്പിനാ ബിരിയാണി മുഴുവന്‍ അടിച്ചുകേറ്റി.

Monday, September 11, 2006

നൂറിന്‌റെ മുളക്‌...

പപ്പന്‍ തന്‌റെ ഒറ്റക്കാള വണ്ടിയുമായി ചന്തയി നിന്നു വരികയാണ്‌.

അപ്പൊ പപ്പനു തോന്നി, ഈ പരട്ടു കാളക്ക്‌ ഒട്ടും സ്പീഡില്ലല്ലൊ.

ഉടനെ പപ്പനൊരു പത്തിന്‌റെ മുളകെടുത്ത്‌ കാളക്കു തേച്ചു, അപ്പൊ കാള പത്തു കിലോമീറ്റര്‍ സ്പീഡില്‍പ്പോയി.

പിന്നെയും കുറച്ചു ദൂരം പൊയപ്പൊള്‍ പപ്പനു തോന്നി, വേഗത പോര. പപ്പനൊരു അമ്പതിന്‌റെ മുളകെടുത്തു തേച്ചു, അപ്പൊ കാള അമ്പത്‌ കിലോമീറ്റര്‍ വേഗത്തില്‍പ്പോയി.

പപ്പന്‍ ഹാപ്പിയായി.

കുറച്ചുകഴിഞ്ഞപ്പോള്‍ പപ്പനുതോന്നി കുറച്ചുകൂടി വേഗത കൂട്ടിയാലൊ എന്ന്‌.

പിന്നെ ഒന്നും ആലോചിക്കതെ എഴുപത്തഞ്ചിന്‌റെ മുളകെടുത്തു തേച്ചതും, പപ്പന്‍ തെറിച്ചു പുറത്തേക്കും പോയി, കാളയണെങ്കില്‍ എഴുപത്തഞ്ചു കിലോമീറ്റര്‍ സ്പീഡിലും പോയി.

ഉടനെത്തന്നെ ഒരു നൂറിന്‌റെ മുളകെടുത്ത്‌ പപ്പനങ്ങു സ്വയം തേച്ചു.

"അങ്ങു വന്നേര്‌ ഞാന്‍ തൊഴുത്തില്‍ കാണും", എന്ന്‌ വിളിച്ചുപറഞ്ഞ്‌... കാളയെ ഓവര്‍ടേയ്ക്കു ചെയ്തുകൊണ്ടു പപ്പന്‍ കടന്നുപോയി.

Friday, September 08, 2006

സള്‍ഫര്‍ ആവിയാകുമ്പോള്‍...

ഞങ്ങളുടെ സ്കൂളിലെ കെമിസ്ട്രി ലാബ്‌, ഞാന്‍ കണ്ട അദ്യത്തെ പരീക്ഷണശാല. സ്കൂളിന്‌റെ ഒരു മൂലക്കാണ്‌ ലാബിന്‌റെ ലൊക്കേഷന്‍. ഞങ്ങള്‍ അകത്തേക്ക്‌ കാലെടുത്തു വച്ചതും, ഒരു കൂട്ടം അമ്പലപ്രാവുകള്‍ പുറത്തേക്ക്‌ പറന്നുയര്‍ന്നു. ഈശ്വരാ... ഇനി ഇതു അമ്പലമെങ്ങാനാണൊ, അരായിരിക്കും ഇവിടത്തെ പ്രതിഷ്ട, ഒരുപാട്‌ ഉത്തരമില്ലാത്ത സമസ്യകള്‍ എന്നോട്‌ കൊഞ്ഞനംകുത്തി.

ഞാന്‍ ചുറ്റും കണ്ണോടിച്ചു, എന്‌റെ ലാബ്‌ എന്ന സങ്കല്‍പത്തിനു ഇടിവെട്ടേറ്റു ഒപ്പം ഒരു പാമ്പും കടിച്ചു എന്നെനിക്കു മനസിലായി. ലാബിന്‌റെ കാവല്‍മാലാഖയായ അലിയാര്‍ മാഷ്‌ അവടിരുപ്പുണ്ടായിരുന്നു. കാവല്‍ മലാഖയൊ അതൊ ഭൂതമൊ എന്ന കര്യത്തില്‍ അന്നും ഇന്നും ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മാഷിന്‌റെ ഇരിപ്പും മട്ടും ഒക്കെ കണ്ടപ്പോള്‍, ഇങ്ങേരു തന്നെയണിവിടത്തെ പ്രതിഷ്ടയെന്നുറപ്പായി. ഒരുപാട്‌ ടെസ്റ്റ്‌ ട്യുബുകലും ഫണലുകലും നിറഞ്ഞ വല്ലാത്തൊരന്തരീക്ഷമായിരുന്നു ലാബിനുള്ളില്‍. കുറെ കുപ്പികളും അതിലെല്ലാം പലനിറങ്ങളിലുള്ള പൊടികളും നിറഞ്ഞൊരു വര്‍ണപ്രപഞ്ചമായിരുന്നു ഞങ്ങളുടെ കെമിസ്ട്രി ലാബ്‌. പക്ഷെ അവിയുള്ള സാധനങ്ങളില്‍ അല്‍പ്മെങ്കിലും രാസപ്രവര്‍ത്തനശേഷിയുള്ളത്‌ അലിയാര്‍ മാഷിനു മാത്രമാണെന്ന സത്യം ഞാന്‍ വഴിയെ മനസിലാക്കി.

അലിയാര്‍ മാഷ്‌, എത്ര പറഞ്ഞാലും തീരാത്ത ഒരു പ്രതിഭാസം എന്ന്‌ ഒറ്റവാക്കില്‍ പറയാം. അഞ്ചടി പൊക്കം, കറുത്ത നിറം, അത്യാവശ്യത്തിനു വണ്ണം, പിന്നെ മുഖ്മുദ്രയായ ജോസ്‌ പ്രകാശ്‌ സ്റ്റൈല്‍ കൂളിംഗ്‌ ഗ്ളാസ്‌ ഇത്രയുമാണു അലിയാര്‍ മാഷ്‌. ഈഫല്‍ ടവറിന്‌ മഞ്ഞുകാലത്തും വേനല്‍ക്കാലത്തും ഉയരം മാറുമെന്ന്‌ കേട്ടിട്ടില്ലെ, അതുപോലെ മാഷിന്‌റെ ഉയരവും ഇടക്കു കൂടിയും കുറഞ്ഞും ഇരിക്കാറുണ്ട്‌, വേനലും മഴയുമല്ല കാരണം 3 ഇഞ്ച്‌ ഹീലുള്ള ഷൂ ആയിരുന്നു. ഒരു ലൊടക്ക സൈക്കിളിലാണ്‌ പുള്ളിക്കാരന്‌റെ വരവും പോക്കും, ഒരിക്കല്‍ കൈവിട്ട്‌ സൈക്കിള്‍ ചവിട്ടി സ്കൂള്‍ മതിലില്‍ പോയിടിച്ച ഒരു കഥയും അങ്ങേരുടെ പേരില്‍ നിലവിലുണ്ട്‌.

ഇന്ന്‌ തിങ്കളാഴ്ചയാണ്‌, അദ്യത്തെ പിരീഡ്‌ തന്നെ കെമിസ്ട്രി ലാബാണ്‌, ഇന്ന്‌ മാരകമായ ചില പരീക്ഷണങ്ങള്‍ കാണിച്ചുതരാമെന്നു അലിയാര്‍ മാഷ്‌ വാക്കു തന്നിരുന്നു. ഒമ്പതുമണിക്കു തന്നെ ഞങ്ങല്‍ സ്പോട്ടില്‍ ഹാജരായിരുന്നു, പതിവില്ലാത്തൊരു നാറ്റം ലാബിനുള്ളില്‍ നിറഞ്ഞുനിന്നിരുന്നു. ഒരു ഒമ്പതരയോടടുത്തപ്പോള്‍ സാറെത്തി.

"ആരാണിവിടെ സള്‍ഫര്‍ എടുത്തു കളിച്ചത്‌", ദുര്‍ഗന്ധത്തിന്‌റെ കാരണമറിയാനെന്നോണം സാര്‍ ചോദിച്ചു.

ആരും മിണ്ടിയില്ല, പൊട്ടന്‍ വെടിക്കെട്ടു കണ്ടപോലെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നൊക്കി.

"ഈ നാറ്റം സള്‍ഫര്‍ ആവി അകുന്നതിന്‌റെ ആണ്‌, ചീഞ്ഞ മുട്ടയുടെ നാറ്റമാണ്‌ ആ രാസപ്രവര്‍ത്തനത്തിന്‌റെ ഫലമായുണ്ടാകുക", ഒരു സെയിത്സ്‌ എക്സിക്യുട്ടിവെന്നപോലെ സാര്‍ വാചാലനായി.

"കഴിഞ്ഞയാഴ്ച ഏതൊ എക്സ്പിരിമെന്‌റ്‌ ചെയ്യാന്‍ നേരം സള്‍ഫര്‍ സ്റ്റോക്കില്ലെന്ന്‌ സാറു പറഞ്ഞിരുന്നു", പിന്നില്‍ നിന്നാരൊ വിളിച്ചു പറഞ്ഞു.

അപകര്‍ഷതയുടെ മൂര്‍ത്തീഭാവമായിരുന്ന സാറിന്‌റെ മുഖത്തൊരു ചമ്മല്‍ രൂപപ്പെട്ടു.

"അജീഷെ ഉള്ളില്‍പ്പോയി എന്താ പ്രശ്നം എന്ന്‌ നൊക്കി വരൂ", ചമ്മലൊതുക്കിക്കൊണ്ട്‌ സാര്‍ പറഞ്ഞു.

തിരിച്ചു വന്ന അജീഷിന്‌റെ മുഖത്തൊരു ആക്കിയ ചിരിയുണ്ടായിരുന്നു. എല്ലാവരുടെയും ശ്രദ്ധ അവനിലേക്കുതിരിഞ്ഞു.

"സാറെ അവിടെ വെന്‌റിലേറ്ററിന്‌റെ സൈഡിലുള്ള പ്രാവിന്‍ കൂട്ടില്‍നിന്ന്‌ രണ്ടു മുട്ട വീണു പൊട്ടിക്കിടക്കുന്നുണ്ട്‌, അത്‌ ചീഞ്ഞതിന്‌റെ ആണ്‌ സാറെ നാറ്റം അല്ലാതെ സള്‍ഫറും സോഡിയവുമൊന്നും അവിയാകുന്നതിന്‌റെ അല്ല", ചിരിയടക്കന്‍ പാടുപെട്ടുകൊണ്ട്‌ അജീഷ്‌ പറഞ്ഞു.

ക്ളാസില്‍ പൊട്ടിച്ചിരിയുടെ പൊടിപൂരമായിരുന്നു പിന്നെ. ഇന്നു കാണിച്ചുതരാമെന്ന്‌ പറഞ്ഞ എല്ലാ പരീക്ഷണങ്ങളും ഒരുമിച്ചു നടന്നപോലെ സാറിന്‌റെ മുഖം വിവര്‍ണമായി. ആ ഒരു സംഭവത്തിനു ശേഷം ഒരൊറ്റ പരീക്ഷണം പോലും ഞങ്ങള്‍ക്ക്‌ വേണ്ടി സാര്‍ നടത്തിയിട്ടില്ല.

Wednesday, September 06, 2006

പൌലോസ്‌ സാറിന്‌റെ സമ്മാനം

ടെക്നിക്കല്‍ സ്കൂളിലെ പഠനകാലം, അഞ്ചാം ക്ളാസ്‌ മുതല്‍ ഏഴാം ക്ളാസ്‌ വരെ P.V.T.C എന്നാണ്‌ അവിടെ വിളിക്കപ്പെടുന്നത്‌. Pre Vocational Traning Center എന്നാണതിണ്റ്റെ സമ്പൂര്‍ണനാമം, എങ്കിലും പന്നി വളര്‍ത്തല്‍ ട്രെയ്നിംഗ്‌ സെന്‌റര്‍ എന്ന ഓമനപ്പേരിലാണ്‌ എല്ലാവരും വിളിച്ചുപോന്നിരുന്നത്‌.

എല്ലാ ദിവസവും 5 പിരീഡ്‌ മാത്രം തിയറി ക്ളാസും ശേഷിക്കുന്ന 3 പിരീഡ്‌ വര്‍ക്ക്ഷോപ്പും ചേര്‍ന്ന ടെക്നിക്കല്‍ സ്കൂളിലെ പഠനം തികച്ചും അവേശപൂര്‍ണവും സന്തോഷധായകവുമയിരുന്നു. മിക്കവാറും വര്‍ക്ക്ഷോപ്പ്‌ പിരീഡുകള്‍ സിനിമാക്കഥ പറഞ്ഞും അന്താക്ഷരി കളിച്ചുമൊക്കെയണു ഞങ്ങള്‍ തള്ളിനീക്കിയിരുന്നത്‌. എന്നാല്‍ ചില സാമൂഹ്യവിരുദ്ധരായ ബൂര്‍ഷ്വാസികള്‍ അന്നേരം ഹോംവര്‍ക്ക്‌ ചെയ്തും പാഠപുസ്തകങ്ങള്‍ പഠിച്ചും എന്നെപ്പോലുള്ള നല്ലകുട്ടികള്‍ക്ക്‌ വെല്ലുവിളിയുയര്‍ത്തിയിരുന്നു. ഇത്തരം ഓലപ്പാമ്പുകള്‍ക്കെതിരെ വളരെ ശക്തമായ വിമോചനസമരങ്ങള്‍ അഴിച്ചുവിട്ട്‌ അവരെ നിലക്കുനിര്‍ത്താന്‍ ഞങ്ങള്‍ പരിശ്രമിച്ചിരുന്നു.

അങ്ങനെ ഏഴാം ക്ളാസിലെത്തി, പൌലോസ്‌ സാറാണ്‌ ഏഴാം ക്ളാസില്‍ ഇംഗ്ളീഷും സാമൂഹ്യപാഠവും പഠിപ്പിക്കുന്നത്‌. സാറിന്‌റെ ക്ളാസിനെപ്പറ്റിയും ശിക്ഷാരീതികളെപ്പറ്റിയും ഒരുപാടു കഥകള്‍ സ്കൂളില്‍ പാട്ടാണ്‌. സ്കൂള്‍ തുറന്ന്‌ രണ്ടാം ദിവസമാണ്‌ സാര്‍ ക്ളാസില്‍ വന്നത്‌, തന്‌റെ സ്വന്തസിദ്ധമായ രീതിയില്‍ അദ്ദേഹം ക്ളാസിനെപറ്റി വിവരിച്ചുകൊണ്ടിരുന്നു. ഒരു ചുരുക്കമെന്ന രീതിയില്‍, "ഞാന്‍ പറയുന്നതൊക്കെ കേട്ടാല്‍ കൊള്ളാം അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ എന്‌റെ വക പ്രത്യേക സമ്മാനങ്ങള്‍ കിട്ടുന്നതായിരിക്കും".

സമ്മാനമെന്നു കേട്ടതും അന്തസ്സായി ഉച്ചമയക്കത്തിലേര്‍പ്പെട്ടിരുന്ന നമ്മുടെ കഥാനായകന്‍ അരുണ്‍ അലെര്‍ട്ടായി. പൊതുവെ ശാന്തസ്വഭാവനും നിഷ്കളങ്കനും സര്‍വോപരി മണ്ടത്തരങ്ങളിലേക്ക്‌ എടുത്തുചാടുന്നവനുമായ അവനെക്കൊണ്ട്‌ ക്ളാസിലാരും ഇതുവരെ ഉപദ്രവമൊന്നും നേരിട്ടിട്ടില്ല. ഈ തിക്കുംതിരക്കുമെല്ലാം നമ്മുടെ പൌലോസ്‌ മാഷിന്‌റെ കണ്ണിലും പെട്ടു.

"എന്താട അവിടെ പരിപാടി", മാഷിന്‌റെ ഘനഗംഭീരശബ്ദം ക്ളാസിലാകെ മുഴങ്ങി.

"അല്ല സാറെ ഞാന്‍.. ഞാന്‍", അരുണ്‍ നിന്നു പരുങ്ങി.

"രാത്രി നീ ഉറങ്ങിയില്ലെടാ!!" "വല്ല കോഴി പിടിക്കാനും പോയൊടാ...", സാറിന്‌റെ സ്വരം മാറിത്തുടങ്ങി..

"ഞാന്‍ ഇവിടെ പറഞ്ഞതു വല്ലതും നീ കെട്ടോടാ... "

"ഉവ്വ്‌ സാറെ, സാറു സമ്മാനം തരുമെന്നല്ലെ", അരുണ്‍ ആകെ വിളറി വെളുത്തു.

"നല്ല നെയ്യപ്പമുണ്ട്‌, തരട്ടെ നിനക്കൊരെണ്ണം സമ്മാനമായിട്ട്‌"

നെയ്യപ്പമെന്നു കേട്ടതും ആകെ കണ്‍ഫ്യുഷനിലായ നമ്മുടെ കഥനായകന്‍, വെണ്ടെവെറുക്കനെ തലയാട്ടി. അതുകേട്ടതും പുതിയ മരുന്നു പരീക്ഷിക്കാന്‍ സബ്ജ്ക്റ്റിനെ കിട്ടിയ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ലാഗവത്തോടെ സാറോന്നു പുഞ്ചിരിച്ചു. "എടാ നിനക്ക്‌ ഞാന്‍ നെയ്യപ്പം തരട്ടെ" സാര്‍ സഹതാപത്തോടെ അവനെ നോക്കി. അരുണാകട്ടെ മാറ്റിപ്പറഞ്ഞാലുള്ള അഭിമാനക്ഷതമോര്‍ത്ത്‌ പൂര്‍വ്വാധികം ശക്തിയോടെ തലയാട്ടി.

സാര്‍ വക്കുപാലിച്ചു, അരുണിനു നെയ്യപ്പം കൊടുത്തു. പിറ്റെ ദിവസം ക്ളാസില്‍ വന്നപ്പോള്‍, അവന്‌റെ കൈത്തണ്ടയില്‍ നെയ്യപ്പം ചുട്ടപോലൊരു കരിവാളിച്ച പാടുണ്ടായിരുന്നു. അങ്ങനെ പൌലോസ്‌ സാറിന്‌റെ നെയ്യപ്പം എന്ന സമ്മാനം ക്ളാസിലാകെ ഭീതിജനകമായൊരന്തരീക്ഷം സ്രിഷ്ടിച്ചു. ഇപ്പോഴും നെയ്യപ്പം എന്നു കേള്‍ക്കുമ്പൊള്‍, ആദ്യം ഓര്‍മ്മവരുന്നതു, ആ നീലച്ചുകിടക്കുന്ന നുള്ളിന്‌റെ പാടാണ്‌. പിന്നീട്‌ പലപ്പോഴും ഞാനും സാറിന്‌റെ കയ്യില്‍ നിന്ന്‌ നല്ല ചൂടുള്ള നെയ്യപ്പങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്‌.

ഇങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ ഇപ്പോളും അരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അധ്യാപകരില്‍ ഒരാളാണ്‌, ഞങ്ങളുടെ പ്രിയപ്പെട്ട പൌലോസ്‌ സാര്‍.

Tuesday, September 05, 2006

കാളരാത്രി...

അന്നൊരു വെള്ളിയഴ്ചയായിരുന്നു... സാധാരണയായി ഭൂതപ്പ്രേതപിശാചുക്കള്‍ ഇറങ്ങിനടക്കുന്നതെന്നു കാരണവന്‍മാര്‍ പറയുന്ന ദിവസം, അല്ലേലും അവര്‍ക്കെന്തും പറയാമല്ലൊ!! ഇന്നലെമുതലുള്ള ചെറിയ പനി എന്നെ പൂര്‍വ്വാധികം തളര്‍ത്തിത്തുടങ്ങിയിരുന്നു. വേനലവധിക്കാലമായതിനാലും മറ്റാര്‍ക്കും അസുഖങ്ങളൊന്നും ഇല്ലാത്തതിനലും "കൂനിന്‍മെല്‍ കുരു അതിന്‍മെലൊരു കൊതുകും കടിച്ചു" എന്ന അവസ്ഥയയി എന്‌റെത്‌. കര്‍താവെ ഈ വരുന്ന പള്ളിപ്പെരുന്നാളിന്‌റെ തലേന്ന്‌ പനി വന്നാലും വേണ്ടില്ല, ഇപ്പൊ ഇതൊന്ന്‌ മാറ്റി തന്നാല്‍ മതിയെ എന്ന്‌ പ്രാര്‍ത്തിച്ചുകൊണ്ട്‌ ഞാന്‍ ഉറങ്ങാന്‍ കിടന്നു. സമയം ഏതാണ്ട്‌ ഒന്നരയായിക്കാണും, തലവേതന സഹിക്കവയ്യാതെ കരഞ്ഞുകൊണ്ടാണ്‌ ഞാന്‍ എണീറ്റത്‌. എന്‌റെ കരച്ചില്‍ കേട്ടിട്ടൊ എന്തൊ അമ്മെം അച്ഛനും എല്ലാവരും എണീറ്റു. പെട്ടന്നെനിക്കു തലകറങ്ങുന്നതുപോലെ തോന്നി... ഈശ്വരാാാ... പനി മാറ്റാനുള്ള നിവേദനം നീ നേരെ കാലന്‌റെ ഓഫീസിലേക്കാണൊ ഫോര്‍വേഡ്‌ ചെയ്തത്‌... എന്നാലും എന്നൊടീ ചതി വെണ്ടായിരുന്നു. ഞാന്‍ കണ്ണുതുറന്നു... ഏതായലും ഈശ്വരന്‍ എന്‌റെ വിളി കേട്ടെന്നു തോന്നുന്നു, എന്‌റെ പനിയും ഷീണവും എല്ലം പമ്പകടന്നിരുന്നു... അപ്പൊ ഞാന്‍ വിളിച്ചാലും അങ്ങേരു കേക്കും. പായില്‍ കിടന്നിരുന്ന ഞാന്‍ ഇതാ ഇപ്പൊ ബെഡില്‍ കിടക്കുന്നു... ഇനി ഇപ്പൊ പനി മാറ്റിയതിന്‌റെ കൂടെ ബോണസ്‌ ആയി കിട്ടിയതായിരിക്കുമൊ ഈ ബെഡ്‌. ഇല്ല എന്‌റെ ഭാഗത്തായിരുന്നു തെറ്റ്‌ വേറെയും കൊറെ അള്‍ക്കാര്‍ എന്നെപ്പൊലെ അടുത്തടുത്തുള്ള കിടക്കകളില്‍ കിടന്നിരുന്നു. ദൈവമെ ഞാന്‍ ഹോസ്പിറ്റലില്‍ അണ്‌... ലിസി ഹോസ്പിറ്റല്‍ എറണാകുളം. പിന്നെയണ്‌ ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസിലാക്കിയത്‌... ഫ്രൈഡെ കിടന്നുറങ്ങിയ ഞാന്‍ മന്‍ഡെ രാവിലെ അണ്‌ എണീറ്റത്‌!! പണ്ടേ കുംബകര്‍ണ സേവ ഒരല്‍പ്പം കൂടുതലുള്ള എനിക്കിതുതന്നെ കിട്ടണം. എനിക്കു പനി തലച്ചോറിനെ ബാധിച്ചതണത്രെ... എന്തായാലും അങ്ങനെ ഒരൈറ്റം എന്‌റെ തലക്കകത്തും ഉണ്ടെന്നതിന്‌ ഒരു പ്രൂഫ്‌ കിട്ടി!! വയറ്റില്‍ വിരകള്‍ കൂടി ലവന്‍മരെന്തൊ പോയ്സണ്‍ ഉണ്ടാക്കുമെന്നൊ അത്‌ തലച്ചോറിനെ ബാധിക്കുമെന്നൊ ഒക്കെ ഡോക്ടര്‍ വിശദീകരിച്ചു. എന്തായാലും ഞാന്‍ ചുമ്മ ബോധം കെട്ടതെയുള്ളൂ എന്നാല്‍ പണി കിട്ടിയതു മുഴുവന്‍ വീട്ടുകാര്‍ക്കും അയല്‍പക്കത്തുള്ളവര്‍ക്കുമാണ്‌... അവര്‍ക്കത്‌ ശരിക്കുമൊരു കാളരാത്രിയായിരുന്നു. 15 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഞാന്‍ തിരിച്ചെത്തി... നൂലിഴപോലിരുന്ന ഞാന്‍ ഇപ്പൊ നൂലുണ്ട പോലായിരിക്കുന്നു കഴിച മരുന്നുകള്‍ക്കും ഹോസ്പിറ്റല്‍ കാന്‌റീനിലെ ഫുഡ്ഡിനും താങ്ക്സ്‌. ആങ്ങനെ എന്‌റെ ജീവിതത്തിലെ അദ്യത്തെ അശുപത്രിവാസം ശുഭമയി അവസാനിച്ചു.

Monday, September 04, 2006

അങ്ങനെ ഒരു നിരപരാധി കൂടി...

ഞങ്ങളുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണുന്ന ഒരു മരമാണ്‌ അയനി. വളരെ വിചിത്രമാണ്‌ നാമമെങ്കിലും അളൊരു സര്‍വ്വഗുണസമ്പന്നനായാണ്‌ അറിയപ്പെടുന്നത്‌. അയനിത്തിരി എന്നാല്‍ അയനിച്ചക്കയുടെ പ്രാരംഭഗട്ടമാണ്‌. വിഷുക്കാലമായല്‍ പടക്കം പൊട്ടിക്കാന്‍ ഇദ്ദേഹത്തിണ്റ്റെ സേവനം അത്യന്താപേക്ഷിതമാണ്‌. ഇങ്ങനെയൊക്കെയണ്‌ കാര്യങ്ങളെങ്കിലും എല്ലാവരാലും പുല്ലു വിലയാണ്‌ നമ്മുടെ കഥാനായകനു കല്‍പ്പിച്ചുകിട്ടിയിരിക്കുന്നത്‌. അങ്ങനെ പുല്ലുവിലപൊലും ഇല്ലാത്ത നമ്മുടെ അയനിത്തിരി ഒരു ദിവസം പുലിയായി...

നേരം ഉച്ചതിരിഞ്ഞു, ഞങ്ങളെല്ലാം പടിഞ്ഞാറെച്ചിറയുടെ മൂലക്കലുള്ള കുളത്തില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കുകയാണ്‌. വേനല്‍ക്കാലമായതിനാല്‍ എല്ലാ കണെക്ഷന്‍ തോടുകളും വറ്റിയിരുന്നു, വളരെ കുറച്ചു കുളങ്ങളില്‍ മാത്രമെ വെള്ളമുള്ളു. പൊതുവെ വിരസമായ വേനല്‍ക്കാല ചൂണ്ടയിടല്‍ ആനന്തകരമാക്കന്‍ ഞങ്ങളെ ഒരുപരിധിവരെ സഹായിച്ചിരുന്നത്‌ അയനിത്തിരിയായിരുന്നു.

ഞങ്ങളുടെ ആവശ്യത്തിനുള്ള അംഗീകാരമെന്നപോലെ കുളത്തിനോട്‌ ചേര്‍ന്നുതന്നെ രണ്ട്‌ പടുകൂറ്റന്‍ അയനിമരങ്ങളുണ്ടായിരുന്നു. പതിവുപോലെ ഞങ്ങള്‍ അയനിത്തിരി കത്തിച്ച്‌ അയനിയുടെ തന്നെ ഉണങ്ങിയ ഇലകളില്‍ ദ്വാരങ്ങളിട്ടുതുടങ്ങി. പഞ്ചായത്ത്‌ റോഡിലൂടെ കാര്‍ പോകുന്നതുപൊലെ വല്ലപ്പോഴും ഞങ്ങളുടെ ചൂണ്ടയില്‍ വല്ല കരിപ്പിടിയൊ പള്ളത്തിയൊ കൊത്തിയിരുന്നു. അപ്പൊഴും ഞങ്ങള്‍ പൂര്‍വ്വധികം ആവേശത്തോടെ അയനിത്തിരികള്‍ ഓരോന്നായി കത്തിച്ചുകൊണ്ടിരുന്നു. എന്നത്തെയും പോലെ അന്നും മീങ്കുടത്തില്‍ ഒന്നൊ രണ്ടൊ പരല്‍മീനുകളുമയി ഞങ്ങള്‍ വീട്ടിലേക്ക്‌ മടങ്ങി.

പടിഞ്ഞാറെച്ചിറയില്‍ തീ പിടിച്ചു, സന്ധ്യയൊടെയാണ്‌ ഞാന്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടത്‌. ഈശ്വരാ പണി പാളിയൊ, ഞങ്ങളെ ഇന്നവരെല്ലാംകൂടി കുരിശില്‍ തറക്കും ഞാന്‍ മനസില്‍ ഉറപ്പിച്ചു. ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്നമട്ടില്‍ ഞാനും എന്‌റെ സഹചൂണ്ടല്‍ വിദഗ്ധന്‍മാരും സ്പോട്ടില്‍ ഹാജരായി. നാശനഷ്ടങ്ങളുടെ പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നത്‌ പുതുതായൊ വെച്ച രണ്ട്‌ തെങ്ങിന്‍ തൈകളും കുലക്കാറായ മൂന്ന്‌ വാഴകളുമായിരുന്നു. കൂടിക്കിടന്നിരുന്ന അയനിയുടെ ഉണങ്ങിയ ഇലകളും, കുളം വെടിപ്പാക്കിയതിന്‌റെ ഭാഗമായി കരക്കുകൂട്ടിയിട്ടിരിക്കുന്ന ഉണങ്ങിയ ചണ്ടിയുമാണ്‌ തീപിടിക്കാന്‍ കാരണമെന്ന്‌ ആരൊ പറയുന്നത്‌ കേട്ടു.

അല്‍പനേരം ഞങ്ങള്‍ അക്ഷമരായി കാത്തുനിന്നു, അരുടെയും വിരലുകള്‍ ഞങ്ങളുടെ നേരെ നീളുന്നില്ല. അവസാനം സഹികെട്ട്‌ ആരൊ ചോദിച്ചു "അല്ല ചേട്ട ഇതെങ്ങനെയാ ഈ തീപ്പിടിച്ചെ?". എല്ലാവരും ആകാംഷയുടെ മുള്‍മുനയിലയി, ഈശ്വരാ... കള്ളിവെളിച്ചത്താകുമൊ? "ഒന്നും പറയണ്ടെട പിള്ളെരെ, നമ്മുടെ ക്രിഷ്നേട്ടനില്ലെ പറമ്പില്‍ കെളക്കണ ക്രിഷ്നേട്ടന്‍ അങ്ങേരപ്പര്‍ത്ത്‌ കെളക്കുമ്പൊ ബീഡി വലിച്ച്‌ കൊള്ളിയിട്ടതാണ്ട". എല്ലാവരുടെയും മനസില്‍ പുതുമഴയായി ആ വാക്കുകള്‍ വന്ന്‌ പതിച്ചു.

ഞങ്ങളുടെ നേര്‍ക്ക്‌ തെളിവുകളില്ലാത്തതിനാലും, പാവം ക്രിഷ്നേട്ടനില്‍ നിരുപാധികം കുറ്റം ചുമത്തപ്പെട്ടതിനാലും, ഒരു വലിയ വിപത്തില്‍നിന്നു നൂലിഴ വ്യത്യാസത്തില്‍ ഞങ്ങള്‍ രക്ഷപ്പെട്ടു. എന്നാലും ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പൊലും ശിക്ഷിക്കപ്പെടരുത്‌...

ഇന്ന്‌ തിരുവോണം...

ഇന്നു തിരുവോണമാണ്‌... പക്ഷെ ഇപ്പ്രാവിശ്യത്തെ ഓണം തികച്ചും ഏകാന്തമാണ്‌, കാരണം ഞാന്‍ വീട്ടുകാരില്‍ നിന്നും ഒരുപാടകലെയണ്‌. കൊടും വേനലിലെ കണ്ണുനീരെന്നപോലെ ഞങ്ങള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന്‌ അടുത്ത ആഴ്ച ഓണസദ്യ ഉണ്ടാക്കുന്നുണ്ട്‌. ജീവിതത്തില്‍ അദ്യമായണ്‌ തിരുവോണനാളില്‍ ഓഫീസില്‍ പൊകുന്നത്‌. ഈ മംഗോളിയന്‍ മഞ്ഞപ്പിശാചുക്കളുടെ നാട്ടില്‍ എന്ത്‌ തിരുവോണം, ഞാന്‍ അങ്ങനെയെങ്കിലും അശ്വസിക്കട്ടെ...

"എല്ലാവര്‍ക്കും എന്‌റെ ഓണാശംസകള്‍"